JOSHY GEORGE 

 

“നാം അന്വേഷിക്കുന്നതാണ് നാം കണ്ടെത്തുക. നാം എന്തിനു വേണ്ടി പരിശ്രമിക്കുന്നുവോ അത് നാം നേടുകയും ചെയ്യും” – ജെയിംസ് പെന്നി

ഒരു നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1903 ഡിസംബർ 17 വരെ ആകാശത്തുകൂടി വിമാനത്തിൽ പറക്കാൻ കഴിയുമെന്ന് ചിന്തിക്കാനുള്ള ധൈര്യം പോലും ഏറെ പേർക്കും ഉണ്ടായിരുന്നില്ല.

അതിനു മുമ്പ് ആരും പറക്കാൻ ശ്രമിച്ചില്ല എന്നല്ല ഇതിനർത്ഥം. മനുഷ്യരെ കയറ്റിയ പട്ടങ്ങൾ പറക്കുന്നത് കണ്ടു എന്ന് എ.ഡി. 1300-ൽ ചൈനയിലെത്തിയ മാർക്കോ പോളോ തൻറെ യാത്രാ വിവരണത്തിൽ പറയുന്നുണ്ട്. 1783 നവംബർ 21ന് പാരീസിൽ മോഗോൾ സഹോദരന്മാർ നിർമ്മിച്ച ബലൂൺ ചൂടുവായു കയറ്റി 25 മീറ്റർ ഉയരത്തിൽ 4 മിനുട്ട് നേരം പറന്നു. ബലൂണിൽ കൊളുത്തിയ വട്ടിയിൽ യാത്രക്കാരുമുണ്ടായിരുന്നു. പിന്നീട് ഒരു നൂറ്റാണ്ട് കാലം വരെ ആയിരക്കണക്കിന് ബലൂണുകൾ അനേകമടി ഉയരത്തിൽ അനേകം കിലോമീറ്ററുകൾ ആളുകളെയും വഹിച്ചു പറന്നു. തുടർന്ന് ഗ്ലൈഡറുകളെത്തി. അതിനുശേഷം എയർ ഷിപ്പുകൾ എന്ന ഭീമൻ ബലൂൺ അധിഷ്ഠിത വ്യോമയാനങ്ങളും വന്നു.

വോൺ സെപ്പലിൻ നിർമ്മിച്ച ആദ്യത്തെ എയർഷിപ് 1900 ജൂലൈ രണ്ടിനാണ് പറന്നത്‌. പറക്കലിൻറെ രസകരമായ ചരിത്രം ഇങ്ങനെയൊക്കെയായിരിക്കെ, എന്തുകൊണ്ട് അമേരിക്കയിലെ യുണൈറ്റഡ് ബ്രദറൻ സഭയുടെ ബിഷപ്പായിരുന്ന മിൽട്ടൺ റൈറ്റ് സൂസൻ ദമ്പതികളുടെ രണ്ട് ആൺമക്കളായ വിൽബറും ഓർവില്ലും വിമാനത്തിന്റെ ചരിത്രത്തിൽ സ്ഥാനംപിടിച്ചു?

അതെ, റൈറ്റ് സഹോദരന്മാർ എന്ന് അറിയപ്പെടുന്ന അവർ നിർമ്മിച്ച ഫ്ലൈയർ-1 എന്ന വിമാനം 1903 ഡിസംബർ 17ന് രാവിലെ 10.35ന് നോർത്ത് കരോലിനയിലെ ഹിറ്റാക്കി കടൽതീരത്ത് ഏതാനും അടി ഉയരത്തിൽ 12 സെക്കണ്ട് നേരം പറന്ന് വെറും 37 മീറ്റർ അകലെ ചെന്നിറങ്ങിയത് മനുഷ്യന്റെ പറക്കലിൻറെ ചരിത്രത്തിലെ ഏറ്റവും നിർണായക സംഭവമായി ഇന്നും കാണുന്നു. മനുഷ്യന് ചിറകുകൾ നൽകാൻ നൂറ്റാണ്ടുകളായി യത്നിച്ച അനേകമനേകം പേരിൽ പറക്കലിന്റെ യഥാർത്ഥ തത്വം ആദ്യം കണ്ടെത്തിയത് റൈറ്റ് സഹോദരന്മാർ ആയിരുന്നു. ഇവർക്ക് ശേഷം പറക്കലിനെപ്പറ്റി അടിസ്ഥാനപരമായി പുതിയ കാര്യങ്ങൾ ഒന്നും ആരും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. വിമാനം പറത്തുമ്പോൾ അതിന്റെ മൂന്നു ദിശകളിലുമുള്ള ചലനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം ഉണ്ടായാൽ മാത്രമേ പറക്കൽ വിജയിക്കൂ എന്ന് ഇവർ മനസ്സിലാക്കി. പിന്നെ അതിനുള്ള സംവിധാനത്തെ കുറിച്ച് മാത്രമായി ചിന്ത. ഏറെ വൈകാതെ അവർക്ക് അതിനു കഴിഞ്ഞു. അതോടെ റൈറ്റ് സഹോദരന്മാർ ചരിത്രത്തിൽ സുപ്രധാന സ്ഥാനം നേടി.

Early Aviation, Circa 1910’s, One of the pioneering aviation brothers Wilburg Wright, (1867-1912) with a another airman, Zens (Photo by Bob Thomas/Popperfoto/Getty Images)

ഈ മിടുക്കന്മാർ വളരെ വേഗത്തിൽ ഈ സംവിധാനം കണ്ടെത്തിയെന്ന് കരുതിയെങ്കിൽ തെറ്റി. വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ചരിത്രമുണ്ട്. കുടുംബപ്രാരാബ്‌ധങ്ങളും അമ്മയുടെ പെട്ടെന്നുള്ള മരണവുംമൂലം ഇവർക്ക് ഹൈസ്കൂളിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു. പിന്നെ ഒരു സൈക്കിൾ വർക്ക് ഷോപ്പിൽ റിപ്പയറുടെ സഹായികളായികൂടി. അവിടെവച്ചാണ് ഇവരിൽ പറക്കുക എന്ന മോഹം ചിറകടിക്കാൻ തുടങ്ങിയത്.

“പറക്കുക” എന്ന സ്വപ്നവുമായി ലോകത്തെങ്ങും മനുഷ്യർ പരീക്ഷണങ്ങൾ നടത്തിയിരുന്ന കാലമായിരുന്നു അത്. റൈറ്റ് സഹോദരന്മാർ നിരവധി വിമാന മാതൃകകളും ഗ്ലൈഡറുകളും നിർമ്മിച്ചു. ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. ഊണിലും ഉറക്കത്തിലും “പറക്കുക” എന്ന ചിന്ത മാത്രമായി. ധാരാളം പരാജയങ്ങൾ ഇവർ ഏറ്റുവാങ്ങി. എന്നിട്ടും മനസ്സ് മടുത്തില്ല. ഒടുവിൽ അവർ വിജയിക്കുകതന്നെ ചെയ്തു. പക്ഷേ അത് അംഗീകരിക്കാൻ പലരും കൂട്ടാക്കിയില്ല. കാരണം വെറും സൈക്കിൾ നന്നാക്കുന്ന തൊഴിലാളികളായ ഇവർക്കതിനുള്ള എന്ത് യോഗ്യതയാണുള്ളത്? റൈറ്റ് സഹോദരന്മാർ ഇതുകൊണ്ടൊന്നും പിന്തിരിഞ്ഞില്ല തങ്ങളുടെ കണ്ടുപിടുത്തം നവീകരിക്കുവാൻ ശേഷിച്ച കാലം ഇവർ ചിലവിട്ടു. 1905-ൽ കൂടുതൽ മികച്ച ഒരു വിമാനം റൈറ്റ് സഹോദരന്മാർ നിർമ്മിച്ചു. അതിനെ അനുകരിക്കാൻ കുറെപേർ മുന്നോട്ടുവന്നു. 1908-ൽ ഓർവിൽ റൈറ്റ് പറത്തിയ വിമാനം തകർന്ന് അദ്ദേഹത്തിന് കാലൊടിഞ്ഞു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ തോമസ്, അപകടത്തിൽ മരണപ്പെട്ടു. പിന്നെയും വിമാനം പറത്താൻ ശ്രമിച്ച പലരും അപകടത്തിൽ പെട്ടതോടെ റൈറ്റ് സഹോദരന്മാരുടെ കണ്ടെത്തലിനെ “അപകടകരം” എന്ന് പലരും വിശേഷിപ്പിച്ചു. ചിലർ ഇവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോയി. അതിമഹത്തായ നേട്ടം കൈവരിച്ചിട്ടും ഇവരെ സാമ്പത്തിക പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും വേട്ടയാടി. 1912 വിൽബർ റൈറ്റ് ടൈഫോയിഡ് പിടിപെട്ട് മരിക്കുകയും ചെയ്തു. എന്നിട്ടും ഓർവിൽ റൈറ്റ് പരീക്ഷണങ്ങളുമായി മുന്നോട്ട് പോയി. നാസയുടെ ഉപദേശകനായി പ്രവർത്തിച്ചു. 1948-ൽ അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു. അപ്പോളേക്കും വിമാനം ലോകപ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അവിടെ കൊണ്ട് നിർത്താൻ ചിലർ കൂട്ടാക്കിയില്ല. അവർ ചിന്തിച്ചു. ഏകാഗ്രതയോടെ ചിന്തിച്ചതിന്റെ ഫലമായി ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന വിമാനങ്ങൾ ഉണ്ടായി.

അതി സാഹസികവും അപകടകരമായിരുന്ന യത്നം ആയിരുന്ന പറക്കൽ പിന്നെ ഒരു യാത്ര ഉപാധിയായി മാറി. ഭൂമിയെ അതിൻറെ എല്ലാ മനോഹാരിതയോടും ഗാംഭീര്യത്തോടുംകൂടി കാണാൻ കഴിഞ്ഞു. അതോടെ ചിലർക്കെങ്കിലും പഴയതുപോലെ ചടഞ്ഞിരിക്കാനായില്ല. നമ്മുടെയൊക്കെ മനസ്സ് ചക്രവാളങ്ങൾക്കൊപ്പം വലുതാവണം. ചിന്തയും പ്രതീക്ഷകളും വാനോളമുയർന്നവരാരും വെറുതെയിരുന്നിട്ടില്ലെന്നോർക്കണം. ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ വിമാനം എന്ന യാത്രോപാധിക്ക് ഏറെ മാറ്റങ്ങൾ ഉണ്ടായി. ശബ്ദത്തിന്റ രണ്ടിരട്ടി വേഗത്തിൽ (മണിക്കൂറിൽ 2376 കിലോമീറ്റർ) കുതിക്കുന്ന വിമാനം വരെ നിർമിക്കാൻ കഴിഞ്ഞു. ശബ്ദത്തേക്കാൾ വേഗതയിലുള്ള വിമാനം എന്ന ആശയത്തെപ്പറ്റി അറുപതുകളിലാണ് ബ്രിട്ടനും ഫ്രാൻസും പിന്നെ അമേരിക്കയും ആലോചിച്ചു തുടങ്ങിയത്. 1962-ൽ ബ്രിട്ടീഷ് എയർക്രാഫ്റ്റ് കോർപ്പറേഷനും ഫ്രാൻസിന്റ സൂദ് ഏവിയേഷനും ചേർന്ന് കോൺകോഡ്ന്റേ ആദ്യ രൂപരേഖയുണ്ടാക്കി. അടുത്തവർഷം പാൻ അമേരിക്ക, ബ്രിട്ടീഷ് ഓവർസീസ് എയർവേസ് കോർപ്പറേഷൻ എന്നീ കമ്പനികൾ ചേർന്ന് കരാറിൽ ഒപ്പുവെച്ചു. 1967 ആയപ്പോഴേക്കും എയർ ഇന്ത്യ ഉൾപ്പെടെയുള്ള 17 വിമാന കമ്പനികൾ കോൺകോർഡിൽ താൽപര്യം കാണിച്ചു. എന്നാൽ 1972-ൽ ഓർഡർ നൽകേണ്ട സമയമായപ്പോൾ ബ്രിട്ടീഷ് എയർവേസും എയർ ഫ്രാൻസും മാത്രമായി.

യാത്രാവിമാന നിർമാണച്ചെലവിൽ അന്നേവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തിരുത്തിയ കോൺകോഡ് പദ്ധതിയിൽ ആകെ 16 വിമാനം നിർമിച്ചു. കോൺകോർഡിന്റെ ആദ്യമാതൃക 1969 ഏപ്രിൽ 9ന് പരീക്ഷണപ്പറക്കൽ നടത്തി. യാത്രാ സർവീസ് തുടങ്ങിയത് 1976 ജനുവരി 21ന്. യൂറോപ്പിലെയും അമേരിക്കയിലെയും ധനാഢ്യരുടെ ഒരു ക്ലബ്ബ് പോലെയായിരുന്നു കോൺകോർഡിലെ അന്തരീക്ഷം. അൻപതിനായിരം അടി ഉയരത്തിൽ വേഗത്തിൻറെയും ആഡംബരത്തിൻറെയും അവസാനവാക്കായി കോൺകോഡ് മാറിയെങ്കിലും അവ പിന്നീട് പറക്കൽ അവസാനിപ്പിച്ചുകളഞ്ഞു.

ശബ്ദത്തേക്കാൾ വേഗത്തിൽ നീങ്ങുന്ന ഏത് വസ്തുവും ഉണ്ടാകുന്ന ഇരമ്പൽ ശബ്ദം അസഹനീയമാണെന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല ഭീമമായ അറ്റകുറ്റപണികൾ ഒരു പ്രശ്നമായി. ഒടുവിൽ പരിസ്ഥിതിപ്രശ്നങ്ങൾ കൂടി ഏറിയതോടെ 2003 ഒക്ടോബറിൽ കോൺകോർഡ് എന്നന്നേക്കുമായി നിലത്തിറങ്ങി. ഇവയിപ്പോൾ അമേരിക്കയിലെയും ബ്രിട്ടനിലെയും വ്യോമയാന മ്യൂസിയങ്ങളിലെ കൗതുകം മാത്രമായെങ്കിലും മനുഷ്യരാശിയുടെ പുരോഗതിയുടെ അടയാളമായി നിലകൊള്ളുകയാണ്. പരിസ്ഥിതിയെ പറ്റി മനുഷ്യർ കൂടുതൽ ബോധവാന്മാരായതും ശൂന്യാകാശ പര്യവേഷണത്തിന് ധൈര്യം നേടിയതും വിമാനങ്ങൾ കൂടുതൽ ഉയരങ്ങളും കൂടുതൽ ദൂരങ്ങളും കീഴടക്കിയതിനുശേഷമായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയർബസ് ഇൻഡസ്ട്രിയുടെ എയർബസ് എ-380 പറക്കുന്നത് മണിക്കൂറിൽ 1046 കിലോമീറ്റർ വേഗതയിലാണ്.

“ഒരു വ്യക്തിയുടെ യോഗ്യത മികവിനുള്ള അയാളുടെ സമർപ്പണത്തിന് അതേ അനുപാതത്തിലായിരിക്കും അയാൾ തെരഞ്ഞെടുത്ത മേഖല എന്നത് പ്രശ്നമല്ല” – വിൻസ് ലൊമ്പാർഡി. 

Also read: കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!