സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കാരണമെന്തെന്ന് ചോദിച്ചാല്‍ മിക്കവാറും സംരംഭകരുടെ മറുപടി ഒരേ പോലെയായിരിക്കും. “സ്വതന്ത്രമായ പ്രവര്‍ത്തനം, എനിക്ക് വേണ്ടി ജോലി ചെയ്യുന്നു, ഞാന്‍ തന്നെ എന്‍റെ ബോസ്!”

ഒരു പരിധി വരെ ഉത്തരം ശരിയാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിസിനസ് മാനെജ്മെന്‍റില്‍ ബിരുദമെടുത്തവര്‍ പോലും സ്വന്തമായി വ്യവസായ സംരംഭം കെട്ടിപ്പടുക്കുവാനാണ് ശ്രമിക്കുന്നത്. കാലത്തിന്‍റെ മാറ്റവും വീക്ഷണത്തിലുണ്ടായ സവിശേഷതകളുമാകാം ഇതിന്‍റെ കാരണങ്ങള്‍. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം ചിന്തിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഏതെല്ലാം ഘടകങ്ങളാണ് പ്രത്യക്ഷത്തില്‍ വിജയിയായ സംരംഭകനെ സൃഷ്ടിക്കുന്നത്?

താഴെപ്പറയുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ നിന്നും ഒരു സംരംഭകന് ആവശ്യമായ സ്വഭാവ വിശേഷങ്ങളും അഭിരുചിയും നിങ്ങള്‍ക്കുണ്ടോ എന്ന് മനസ്സിലാക്കാം.

 1. നിങ്ങള്‍ക്ക് എത്ര മാത്രം “ഉപക്രമ സ്വഭാവം” അല്ലെങ്കില്‍ കാര്യങ്ങളില്‍ പ്രാരംഭ നടപടി എടുക്കുവാനുള്ള കഴിവുണ്ട്?
  = വ്യവസായ സംരംഭകന്‍, ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കാറില്ല. ഏത് സന്ദര്‍ഭത്തിലും മുന്‍കൈ എടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് സംരംഭകന് ആവശ്യമാണ്‌.
 2. ബിസിനസ്സും സൗഹൃദവും ബന്ധുതയും കൂട്ടിക്കലര്‍ത്താറുണ്ടോ?
  = സ്വയം സംരംഭം എന്നാല്‍ ജോലിക്ക് തന്നെയാകണം മുന്‍ഗണന കൊടുക്കേണ്ടത്. ജോലിക്കാരെ നിയമിക്കുമ്പോള്‍ കഠിനാധ്വാനത്തിനും അര്‍പ്പണ ബോധത്തിനും പ്രാധാന്യം നല്‍കുക. വ്യക്തി ബന്ധങ്ങള്‍ക്ക് ബിസിനസില്‍ സ്ഥാനം രണ്ടാമത് മാത്രമാണ്.
 3. സാഹസികത നിറഞ്ഞ നഷ്ടമോ ലാഭമോ സംഭവിച്ചേക്കാവുന്ന ജോലി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ? അതോ സ്വന്തം ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് ജീവിക്കുവാനാണോ ഇഷ്ടപ്പെടുന്നത്?
  = സാഹസികത നിറഞ്ഞ പരീക്ഷണങ്ങള്‍ ഒരു സംരംഭകന് ആവേശജനകമായിരിക്കണം.
 4. കഠിനമായി അദ്ധ്വാനിക്കുവാന്‍ മനസ്സുള്ള വ്യക്തിയാണോ നിങ്ങള്‍?
  = വാച്ചില്‍ നോക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് സ്വന്തം ബിസിനസില്‍ വിജയിക്കാന്‍ കഴിയുന്നത്. ആദ്യ കാലങ്ങളില്‍ വിവിധ ജോലികള്‍ സ്വയം ചെയ്യേണ്ടതായി വരാം. മനസ്സും ബുദ്ധിയും എപ്പോഴും ഉണര്‍ന്നിരിക്കുന്നവരായിരിക്കും ഇവര്‍.
 5. ഗുണനിലവാരത്തിന് എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട് നിങ്ങള്‍? ഉയര്‍ന്ന നിലവാരം ഇല്ലെങ്കിലും കുഴപ്പമില്ല, ശരാശരിയായി തുടര്‍ന്നാല്‍ മതി എന്ന് കരുതുന്നുണ്ടോ?
  = സ്വയം തൊഴിലിനെ സംബന്ധിച്ചിടത്തോളം ഗുണകരമല്ലാത്ത മനോഭാവമാണ് ഇത്. “വലിയ കുഴപ്പമില്ലാത്ത” കാര്യ നിര്‍വ്വഹണമല്ല നിങ്ങള്‍ക്കാവശ്യം. മറിച്ച് നിങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് ബിസിനസ്സില്‍ കാഴ്ച്ച വയ്ക്കേണ്ടത്.
 6. നിങ്ങളൊരു ശുഭാപ്തി വിശ്വാസക്കാരനാണോ?
  =ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിറഞ്ഞതുമായ പാതയാണ് സംരംഭകന്‍റെ മുന്നിലുള്ളത്. വിജയിക്കുമോ എന്ന് സംശയം ഉണ്ടായാല്‍, മനസ്സ് തളര്‍ന്നു പോയാല്‍ ഒരു പക്ഷെ ഒരിക്കലും വിജയിക്കാന്‍ സാധിച്ചില്ലെന്ന്‍ വരാം.
 7. ബിസിനസില്‍ നിന്ന് ലഭിക്കുന്ന ആദായം സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുമോ? അതോ ബിസിനസ്സിന്‍റെ ഭാവി വളര്‍ച്ചയ്ക്കായി പകുതിയെങ്കിലും നീക്കി വയ്ക്കുമോ?
  =വിജയിയായ സ്വയം തൊഴില്‍ സംരംഭകന്‍ ആര്‍ഭാടങ്ങള്‍ നാളേക്ക് മാറ്റി വയ്കുന്നു. ചെലവഴിക്കുന്നതിനേക്കാള്‍ നീക്കി വയ്ക്കുവാനാണ് ഈ കൂട്ടര്‍ താത്പര്യപ്പെടുന്നത്.
 8. ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ബസ് നേരത്തേ പോയി എന്നിരിക്കട്ടെ, നിങ്ങള്‍ ആരെ പഴി പറയും? എന്തൊരു നിര്‍ഭാഗ്യം എന്നാവുമോ അതോ അടുത്ത പ്രാവശ്യം കുറച്ചു കൂടി നേരത്തെ തയ്യാറാകണം എന്നായിരിക്കുമോ നിങ്ങളുടെ മനോഭാവം?
  = സ്വന്തം ജയപരാജയങ്ങള്‍ക്ക് ഉത്തരവാദി താന്‍ തന്നെ എന്ന് വിശ്വസിക്കുന്ന ആളാണ്‌ തൊഴില്‍ സംരംഭകന്‍. ചുരുക്കത്തില്‍ അവരവരുടെ ലാഭ നഷ്ടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. ഇത് കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുവാനും അതനുസരിച്ച് കാര്യ നിര്‍വ്വഹണം നടത്തുവാനും സഹായിക്കുന്നു.
 9. തൊഴില്‍ സംരംഭകര്‍ക്ക് പൊതുവായി കണ്ടു വരുന്ന സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്?
  = അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവരാണ് ഇവര്‍. മറ്റുള്ളവര്‍ പ്രശ്നങ്ങളായി കാണുന്ന കാര്യങ്ങള്‍ ഇവര്‍ അവസരങ്ങളായി കാണുന്നു.

Also read: വീട്ടിലിരുന്ന്കൊണ്ട് മാസം 4 ലക്ഷം രൂപ കംപ്യൂട്ടറിലൂടെ സമ്പാദിക്കുന്ന മലയാളി ചെറുപ്പക്കാരൻ 

LEAVE A REPLY

Please enter your comment!
Please enter your name here