Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ആധുനിക കാലഘട്ടത്തിലെ സംരംഭകത്വം സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്‍കാലഘട്ടങ്ങളില്‍ ചി ന്തിക്കുവാന്‍ പോലും കഴിയാതിരുന്ന നിരവധി സംരംഭങ്ങള്‍ ഈ അടുത്തിടെ സംജാതമാകുന്നതോടൊപ്പം നിലവിലുള്ള സംരംഭങ്ങള്‍ക്ക് പുത്തന്‍ നിർവ്വചനങ്ങള്‍ നല്‍കപ്പെടുന്നതും നമ്മുടെ കണ്‍മുന്നില്‍ കാണുന്ന കാഴ്ചയാണ്. ഇന്‍റർനെറ്റിന്‍റെ വളർച്ച നമ്മുടെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നയൊന്നാണ്. കമ്പ്യൂട്ടറും ഇന്‍റർനെറ്റും ബിസിനസ്സില്‍ ഏതറ്റം വരെയും സംരംഭകത്വത്തെയെത്തിക്കുമെന്ന് പ്രവചിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണിന്ന്. സ്മാർട്ട് ഫോണുകള്‍ സാധാരണക്കാരന്ന് പോലും പ്രാപ്യമായതും കുറഞ്ഞ ചിലവില്‍ ഡേറ്റാ ലഭ്യമായതുമെല്ലാം ഇന്‍റർനെറ്റ് അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്.

വിവര സാങ്കേതിക വിദ്യയില്‍ നാമിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് “ക്ലൌഡ് കമ്പ്യൂട്ടിങ്ങ്” എന്നത്. എവിടെ ചെന്നാലും ഏത് കമ്പ്യൂട്ടർ ഉപയോഗിച്ചാലും നമ്മുടെ ഫയലുകളും ലഭ്യമാവുക, മുന്നിലിരിക്കുന്ന ഉപകരണം ശേഷി കുറഞ്ഞ ഒരു ഫോണ്‍ ആയാല്‍ പോലും അതില്‍ അതി ശക്തമായ ഒരു സെർവ്വറിന്‍റെ കഴിവുകള്‍ കൊണ്ടു വരിക. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ്. സ്വന്തം കമ്പ്യൂട്ടറിലെ ഗൂഗിള്‍ ഡ്രൈവിനപ്പുറം ഇന്‍റർനെറ്റില്‍ ഫയലുകള്‍ സൂക്ഷിക്കുന്ന ക്ലൌഡ് സ്റ്റോറേജ് മുതല്‍ സ്വയം വളരുന്ന സെർവ്വറുകള്‍ വരെ പല തലങ്ങളിലുള്ളയൊന്നാണ് ആധുനിക കാലഘട്ടത്തില്‍ ക്ലൌഡ് എന്നത്. പ്രധാനപ്പെട്ട ഫയലുകളെല്ലാം ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ സേവനത്തില്‍ സൂക്ഷിക്കുക എന്നത് മാത്രമാണ് സാധാരണക്കാരന് ക്ലൌഡ്. സ്ഥാപനത്തിന്‍റെ ഫയലുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിക്കുകയും അതില്‍ വർക്ക് ചെയ്യുവാന്‍ ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുകയുമാണ് ഒരു ഓഫീസ് അന്തരീക്ഷത്തില്‍ ക്ലൌഡ് എന്നത്. അതിനായുള്ള റെഡിമെയ്ഡ് ക്ലൌഡ് സേവനങ്ങളും ലഭ്യമാണ്. എന്നാല്‍ വലിയ കമ്പനികള്‍ക്ക് തങ്ങളുടേതായ ക്ലൌഡുകള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

അതായത് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്, സ്മാർട്ട്ഫോണ്‍, ടാബ്ലെറ്റ് കമ്പ്യൂട്ടർ തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളിലും പേഴ്‍സണല്‍ ഡേറ്റകളും ആപ്ലിക്കേഷനുകളും സൂക്ഷിച്ച് വക്കുന്ന പഴയ രീതിക്ക് പകരം ഇന്‍റർനെറ്റ് വഴി ദൂരെയുള്ള സെർവ്വറുകളില്‍ ഡേറ്റ പ്രോസസ് ചെയ്യുകയും ഫയലുകള്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ്. ഗൂഗിളിന്‍റെ ക്ലൌഡ് സ്റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവിന്‍റെ ഭാഗമായ ക്ലൌഡ് ഓഫീസ് സ്യൂട്ട് ആണ് ഗൂഗിള്‍ ഡോക്സ്, ഷീറ്റ് & സ്ളൈഡ്സ്. ജി മെയില്‍ അക്കൌണ്ട് ഉള്ളവർക്കെല്ലാം ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ചില ക്ലൌഡ് തുടക്കങ്ങള്‍

നാലാം വ്യാവസായിക വിപ്ലവത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒന്നാവും ക്ലൌഡ് സേവനങ്ങള്‍. രാജ്യമെമ്പാടും ഈ സേവനങ്ങളുടെ വേഗത കൂട്ടുവാനായി ഇന്ത്യയുടെ ക്ലൌഡ് ഇനിഷ്യേറ്റീവ് ആണ് Megh Raj. ഇതില്‍ ഇ – ഗവണ്‍മെന്‍റ് ആപ്ലിക്കേഷനുകളുടെ വിന്യാസവും മറ്റും ഉള്‍പ്പെടുന്നു. ഇതിന്‍റെ നേതൃത്വം വഹിക്കുന്നത് എന്‍ ഐ സി ആണ്. ക്രോസ്സ് ബോർഡർ ഡേറ്റാ ഫ്ലോ, ഡേറ്റാ സെക്യൂരിറ്റി, ഡേറ്റാ ലൊക്കേഷന്‍, നീതി ന്യായ പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ക്ലൌഡ് സർവ്വീസുകളില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്‍റ് ആലോചിക്കുന്നു. https://cloud.gov.in/ എന്ന വെബ് പോജ് വഴി ക്ലൌഡ് സേവനങ്ങള്‍ ലഭ്യമാണ്. ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ എല്ലാ സേവനങ്ങളും Megh Raj ഓഫർ ചെയ്യുന്നുണ്ട്.

ഗവണ്‍മെന്‍റ് ക്ലൌഡിലെ ലോക ലീഡറാണ് യു എസ് ഗവണ്‍മെന്‍റ്. അവരുടെ 50 ഓളം എജന്‍സി സർവ്വീസുകള്‍ ക്ലൌഡ് കമ്പ്യൂട്ടിങ്ങിലേക്ക് ഏകീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് മില്യണ്‍ കണക്കിന് ഡോളർ അത് വഴി സേവ് ചെയ്യുവാന്‍ സാധിച്ചു. ഹെയ്തിയില്‍ ദുരന്തം വിതച്ച ഭൂമി കുലുക്കത്തില്‍ നിരവധി പേരാണ് മരിച്ചത്. അന്ന് രക്ഷാ പ്രവർത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ എന്‍ എസ് എയും ഓപ്പണ്‍ ക്ലൌഡ് ഗ്രൂപ്പ് ഇനിഷ്യേറ്റീവും ചേർന്ന് വികസിപ്പിച്ച പ്രോജക്ട് ആണ് Project Matsu. ഇതിലൂടെ ക്ലൌഡ് ടെക്നോളജികളും ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ്ങും യോജിപ്പിച്ച് കൊണ്ട് ദുരന്ത സ്ഥലങ്ങളുടെ സാറ്റലൈറ്റ് ഇമേജുകള്‍ രൂപപ്പെടുത്തി അപ്റ്റുഡേറ്റ് മാപ്പിങ്ങുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം സംയോജിപ്പിച്ചു കൊണ്ടിരുന്നത്.

ഹ്യൂമന്‍ ജീനോമിക്സ് എന്നത് വളരെ വിപുലമായ പഠന ശാഖയാണ്. വളരെയധികം കമ്പ്യൂട്ടേഷണല്‍ പവറും വളരെ വലിയ ഡേറ്റാ സെന്‍റേഴ്സും 3 മില്ല്യണോളം ഡി എന്‍ എ ബേസ് പെയറുകള്‍ അനലൈസ് സയന്‍റിസ്റ്റുകള്‍ ഉപയോഗിച്ച് വരുന്ന ബയോനിംബസ് എന്ന ഓപ്പണ്‍ സോഴ്സ് ക്ലൌഡ്, ജീനോമിക്സ് ഡേറ്റായെ ഷെയർ ചെയ്യുന്നതിനും ജീനോമിക് ഡേറ്റാ സെന്‍ററുകളെ തമ്മില്‍ കണക്ട് ചെയ്ത് ഡേറ്റാ അനാലിസിസിനും ഉപയോഗപ്പെടുത്തുന്നുണ്ട്.

ക്ലൌഡും സംരംഭകത്വ സാധ്യതകളും

സാധാരണക്കാരന് ക്ലൌഡ് സേവനങ്ങള്‍ക്ക് വേണ്ടി ഗൂഗിള്‍ ഡോക്സും ക്ലൊഡ് കമ്പ്യൂട്ടിങ്ങും പോലുള്ള സൌജന്യ സേവനങ്ങള്‍ മതിയാകും. എന്നാല്‍ അതല്ല ഒരു വന്‍ കിട സ്ഥാപനത്തിന്‍റെ അവസ്ഥ. അടിസ്ഥാന ആശയങ്ങള്‍ സമാനമാണെങ്കിലും സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രത്യേക ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുകയും അത് ജീവനക്കാർക്കെല്ലാം ലഭ്യമാക്കുകയും ചെയ്യേണ്ടി വരും. ഇത് എങ്ങനെ സജ്ജമാക്കുന്നു എന്നതിനെ അനുസരിച്ച് അതിനെ പ്രൈവറ്റ് എന്നും പബ്ലിക് എന്നും വിളിക്കുന്നു.

ക്ലൌഡ് സബ്രദായത്തിലേക്ക് മാറുവാന്‍ ആപ്ലിക്കേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നതും ഫയലുകള്‍ സൂക്ഷിക്കുന്നതും സെർവ്വറുകളിലാണ്. ഒരു സ്ഥാപനത്തിന് വേണ്ട സെർവ്വറുകളും നെറ്റ് വർക്ക് സൌകര്യവുമെല്ലാം കേന്ദ്രീകരിച്ചിട്ടുള്ള ഇടമാണ് ഡേറ്റാ സെന്‍റർ. ഇങ്ങനെയുള്ള ഡേറ്റാ സെന്‍ററുകള്‍ സ്വന്തമായി ഉപയോഗിച്ച് ക്ലൌഡ് സംവിധാനം പ്രവർത്തിപ്പിക്കുന്നതാണ് പ്രൈവറ്റ് ക്ലൌഡുകള്‍. ചെറുകിട കമ്പനികള്‍ക്ക് ഇങ്ങനെയുള്ള ക്ലൌഡ് സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സേവനങ്ങള്‍ ചെയ്യുന്ന കമ്പനികളായി സ്റ്റാർട്ടപ്പുകള്‍ക്ക് പ്രവർത്തിക്കാവുന്നതാണ്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് വിദഗ്ദർ തുടങ്ങിയ ആളുകള്‍ അവിടെയുണ്ടാവണം.

സ്വന്തം ഡേറ്റാ സെന്‍റർ ഉപയോഗിക്കുന്നതിന് പകരം സ്ഥാപനത്തിന്‍റെ ക്ലൌഡ് ആവശ്യങ്ങള്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കുന്നതാണ് പബ്ലിക് ക്ലൌഡ്. ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി ഒരുപാട് കമ്പനികള്‍ ഇങ്ങനെ മറ്റുള്ളവർക്ക് ക്ലൌഡ് സേവനം ലഭ്യമാക്കുന്നുണ്ട്. ഒരു ഡേറ്റാ സെന്‍റർ നിർമ്മിച്ച് നടത്തിക്കൊണ്ട് പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പണവും അധ്വാനവും ഏറെ വേണം. വൈദ്യുതി, നെറ്റ് വർക്കിങ്ങ് പ്രശ്നങ്ങള്‍, സോഫ്റ്റ് വെയർ, ഹാർഡ് വെയർ അപ്ഡേറ്റുകള്‍, സൈബർ ആക്രമണങ്ങള്‍ എന്നിവയെല്ലാം പതിവായി പരിഗണിക്കേണ്ട വിഷയങ്ങള്‍ ആണ്. ഈ തലവേദനയൊന്നും പബ്ലിക് ക്ലൌഡില്‍ ഉണ്ടാവുന്നില്ല. അതെല്ലാം നോക്കാന്‍ മറ്റൊരു കമ്പനിയുണ്ട്. ഇത്തരം സേവനങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് കൊടുക്കുന്ന കമ്പനികള്‍ എന്നത് ഈ രംഗത്തെ ഒരു സംരംഭക സാധ്യതയാണ്.

ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സും ക്ലൌഡ് കമ്പ്യൂട്ടിങ്ങും സമന്വയിപ്പിക്കപ്പെട്ടത് ഈ രംഗത്തെ സാധ്യതകള് വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഫിസിക്കല്‍ ഡിവൈസുകള്‍ ഇന്‍റർനെറ്റുമായി കണക്ട് ചെയ്തിരിക്കുന്നതാണ് ഇന്‍റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നത്. ഹോം ഓട്ടോമേഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഇന്ന് ഐ ഓ റ്റിയിലാണ് പ്രവർത്തിക്കുന്നത്. IoT വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡേറ്റയെ ബിഗ് ഡേറ്റ എന്നാണ് വിളിക്കുന്നത്. ഇതിനെ പ്രോസസ് ചെയ്യണമെന്നുണ്ടുവെങ്കില്‍ ക്ലൌഡ് പ്ലാറ്റ് ഫോമുകള്‍ അനിവാര്യമാണ്. ഐ ഓ റ്റി ക്ലൌഡ് കമ്പ്യൂട്ടിങ്ങുമായി കണക്ട് ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന സാധ്യതകള്‍ അനവധിയാണ്. വളരെയേറെ കമ്പനികള്‍ ഇന്ന് ഐ ഓ റ്റിയും ക്ലൌഡ് കമ്പ്യൂട്ടിങ്ങും കണക്ട് ചെയ്ത് കൊണ്ട് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ചെറിയ ഐ ഓ റ്റി സ്റ്റാർട്ടപ്പുകള്‍ മുതല്‍ വലിയ ഐ ഓ റ്റി സ്റ്റാർട്ടപ്പുകള്‍ വരെ ഇന്ന് ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ വിവിധ മേഖലകള്‍ പ്രയോജനപ്പെടുത്തി വരുന്നു. ഐ ഓ റ്റി ക്ലൌഡ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ക്ലൌഡ് കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമിന്‍റെ ഒരു മുഖമാണ്.

ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്‍റെ ഒരു ഭാഗമാണ് വെർച്വലൈസേഷന്‍. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തില്‍ ഒന്നിലധികം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ റണ്‍ ചെയ്യുന്നതാണ് വെർച്വലൈസേഷന്‍ എന്ന് ഒറ്റ വാക്കില്‍ പറയാം. വെർച്വല്‍ മെഷീനുകള്‍ റണ്‍ ചെയ്യുവാനാവശ്യമായ റിസോഴ്സുകള്‍ (മെമ്മറി, പ്രോസസിങ്ങ് പവർ, ഹാർഡ് വെയർ) മുതലായവയെല്ലാം ക്ലൌഡില്‍ നിന്നും റെന്‍റായി ലഭിക്കുന്ന സംവിധാനമാണുള്ളത്. പ്രത്യേക സോഫ്റ്റ് വെയറുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സംവിധാനം ഒരുക്കുന്ന കമ്പനികള്‍ക്കും ഇവിടെ പ്രവർത്തിക്കാവുന്നതാണ്.

തൊഴില്‍ സാധ്യതകള്‍

നിലവിലുള്ള ഓർഗനൈസേഷനുകളും ഐ ടി കമ്പനികളും എല്ലാം തന്നെ അവരുടെ ഫിസിക്കല്‍ സ്റ്റോറേജ് സിസ്റ്റങ്ങളില്‍ നിന്നും ക്ലൌഡിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ക്ലൌഡ് കമ്പ്യൂട്ടിങ്ങ് മേഖല അടുത്ത നാലു വർഷങ്ങളില്‍ ഇന്ത്യയില്‍ത്തന്നെ 3 ലക്ഷത്തോളം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഒരു കമ്പനിയുടെ ക്ലൌഡ് എൻവിയോണ്‍മെന്‍റിനെ മാനേജ് ചെയ്യുന്ന ആളാണ് ക്ലൌഡ് ആർക്കിടെക്റ്റ്. ലിനക്സ്, യൂനിക്സ്, സോലാരിസ്, ഉബുണ്ടു, വിന്‍ഡോസ് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവരായിരിക്കണം ഇവർ. നിലവിലുള്ള ക്ലൌഡ് പ്ലാറ്റ്ഫോമുകളില്‍ നിന്നും തങ്ങള്‍ക്കാവശ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുകയും അതിന്‍റെ ഡിസൈനുമെല്ലാം നേതൃത്വം നല്‍കുകയുമാണ് ഇവരുടെ ചുമതല. ക്ലൌഡ് ആർക്കിടെക്ട് സർട്ടിഫിക്കേഷന്‍ ഈ മേഖലയിലെ സർട്ടിഫിക്കേഷന് ഉദാഹരണമാണ്. ആമസോണ്‍ നല്‍കുന്ന സർട്ടിഫിക്കേഷനാണ് ഇതില്‍ പ്രധാനം. സർട്ടിഫൈഡ് സൊലൂഷന്‍സ് ആർക്കിടെക്റ്റ് – അസ്സോസിയേറ്റ് (AWS) എന്നാണ് ഇതറിയപ്പെടുന്നത്.

ക്ലൌഡ് ആപ്ലിക്കേഷനുകളുടെ ഡവലപ്മെന്‍റ് ആണ് ക്ലൌഡ് ഡവലപ്പർമാരുടെ ചുമതല. കമ്പ്യൂട്ടർ സയന്‍സില്‍ ഡിഗ്രി അനിവാര്യമാണ്. ക്ലൌഡ് ആപ്ലിക്കേഷനുകള്‍ നിർമ്മിക്കാനുപയോഗിക്കുന്ന പ്രധാന പ്രാഗ്രാമിങ്ങ് ലാംഗ്വേജുകളായ പൈത്തന്‍, ജാവ, സി++, റൂബി, പി എച്ച് പി, ജാവാ സ്കിപ്റ്റ്, എസ് ക്യു എല്‍ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടാവണം.

ക്ലൌഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റുമായി ബന്ധപ്പെട്ട റിസ്കുകള്‍ കണ്ടെത്തുക, സെക്യൂരിറ്റി റിസ്കുകള്‍ തിരിച്ചറിയുക തുടങ്ങിയവയില്‍ ക്ലൌഡ് ഡവലപ്പറെ സഹായിക്കുക എന്നിവയാണ് ഒരു ക്ലൌഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റിന്‍റെ ചുമതല. AWS സർച്ചിഫിക്കേഷനാണ് ഏറെ അഭികാമ്യം.

ഇന്ന് ഈ മേഖലയില്‍ നിരവധി കോഴ്സുകളുണ്ട്. കെല്‍ട്രോണ്‍ ക്ലൌഡ് അടിസ്ഥാനത്തിലുള്ള ഡിപ്ലോമാ കോഴ്സുകള്‍ നല്‍കുന്നുണ്ട്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും Amazon Web Services Certification, Microsoft Asure Cloud Certification Training, Google Cloud Certification Training, IBM Cloud Certification Training, VM Ware Training തുടങ്ങിയ നിരവധി സർട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും കോഴ്സുകളും നല്‍കി ഇവിടെയുണ്ട്.

സാധ്യതകളുടെ വലിയൊരു ആകാശമാണ് ക്ലൌഡ് നമ്മുടെ മുന്‍പില്‍ തുറന്നിടുന്നത്. സർട്ടിഫിക്കേഷനുള്‍ നേടുന്ന അഭ്യസ്ത വിദ്യരായ യുവതലമുറയുടെ നോട്ടം കോർപ്പറേറ്റുകളിലേക്കാവാതെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നൂതന സംരംഭങ്ങളുമായി മുന്‍പോട്ട് വന്നാല്‍ അത് നമ്മുടെ നാടിന്‍റെ വികസനത്തിന് ഏറെ സഹായകരമാകുന്നതിന് പക്ഷാന്തരമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!