Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
സാധ്യതകളുടേയും വിശകലനത്തിന്റെയും പഠനമാണ് സ്റ്റാറ്റിസ്റ്റിക്സ്. ഗണിത ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്നു ഇതിന്റെ സാധ്യതകൾ. പക്ഷേ പലരും തിരിച്ചറിഞ്ഞിട്ടില്ലായെന്നത് വസ്തുതയാണ്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സർവ്വകലാശാലകളിലും ഇത് പഠന വിഷയമാണ്. പലയിടത്തും ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. സ്ഥിതി വിവര ശേഖരണം, ക്രമീകരണം, അവ എളുപ്പത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലുള്ള അവതരണം, അപഗ്രഥനം, താരതമ്യം, കൃത്യമായ പ്രവചനം ഇവയൊക്കെ സ്റ്റാറ്റിസ്റ്റിക്സിന്റെ കീഴിൽ വരുന്നവയാണ്.
കോഴ്സുകൾ
ഗണിത ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് സ്റ്റാറ്റിസ്റ്റിക്സിൽ 3 വർഷത്തെ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് 2 വർഷം ദൈർഖ്യമുള്ള ബിരുദാനന്തര ബിരുദത്തിനും. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദത്തിന് ചേരുവാനും അവസരമുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
ഈ രംഗത്തെ ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനമാണ് കൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സെന്ററുകളും പ്രവർത്തിക്കുന്നു. ബി സ്റ്റാറ്റ് (ഓണേഴ്സ്), എം സ്റ്റാറ്റ് (ഓണേഴ്സ്), സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിൽ പി ജി ഡിപ്ലോമ തുടങ്ങിയവ ഇവിടുത്തെ പ്രധാന പ്രോഗ്രാമുകളാണ്. കൂടാതെ ബി മാത്ത് (ഓണേഴ്സ്), എം മാത്ത്, എം ടെക്, എം എസ് തുടങ്ങിയവ ഇവിടെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.isical.ac.in/
കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് http://www.keralauniversity.ac.in/
കൂടാതെ നിരവധി കോളേജുകളിൽ സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ കോഴ്സുകൾ നടത്തപ്പെടുന്നു.
തൊഴിൽ സാധ്യതകൾ
കേന്ദ്ര, സംസ്ഥാന സർക്കാറുകളിലും, പൊതു മേഖല സ്ഥാപനങ്ങൾ, വലിയ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലും നിരവധി അവസരങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർക്കുണ്ട്. Central Statistical Organization, National Sample Survey Organization (NSSO), Economics and Statistics Department തുടങ്ങിയവ ഇവയിൽ ചിലതാണ്. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്കാണ് സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവരുടെ മറ്റൊരു പ്രധാന മേഖല.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
രാജ്യത്തിന്റെ സുപ്രധാന സാമ്പത്തിക നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘത്തിൽ അംഗമാകാൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സര്‍വീസ് (ഐ.എസ്.എസ്.) അവസരമൊരുക്കുന്നു. സിവിൽ സര്‍വീസസിന് സമാനമായ സേവന, വേതന വ്യവസ്ഥകളാണ് ഇവിടെയും. കേന്ദ്രസര്‍ക്കാർ സര്‍വീസിൽ ഗ്രൂപ്പ് എ ഓഫീസര്‍മാരായിട്ടാവും നിയമനം. ആസൂത്രണക്കമ്മീഷൻ, ആസൂത്രണ ബോര്‍ഡ്, ധന മന്ത്രാലയം, ദേശീയ സാമ്പിൾ സര്‍വേ ഓർഗനൈസേഷൻ തുടങ്ങിയവയിലൊക്കെ അവസരങ്ങളുണ്ടാകും. ഡല്‍ഹി, സംസ്ഥാന തലസ്ഥാനങ്ങൾ, മെട്രോ നഗരങ്ങൾ തുടങ്ങിയ ഇവിടങ്ങളിലൊക്കെയാവും നിയമനം. അതത് മേഖലയിലെ സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ഭരണാധികാരികളുടെയും ചുമതല വഹിക്കേണ്ടി വരും. തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടർ /റിസര്‍ച്ച് ഓഫീസർ തസ്തികയിലാവും നിയമനം. സ്ഥാനക്കയറ്റ സാധ്യതകൾ ഏറെ. മികവ് കാട്ടുന്നവര്‍ക്ക് മന്ത്രാലയങ്ങളിലെ സെക്രട്ടറി തലം വരെയെത്തുവാനും കഴിയും.
സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവുമുള്ള ഒഴിവുകൾ പരിമിതമായിരിക്കും. അതുകൊണ്ടു തന്നെ കടുത്ത മത്സരമുള്ള പരീക്ഷയാണിത്. സിവിൽ സര്‍വീസ് പരീക്ഷ പോലെ നേരത്തേയുള്ള ഒരുക്കവും പരിശീലനവുമൊക്കെ അനിവാര്യം. രണ്ട് ഘട്ടങ്ങളടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടത്തിൽ എഴുത്തു പരീക്ഷ, രണ്ടാം ഘട്ടത്തിൽ ഇന്റര്‍വ്യൂവും. വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm.