Siva Kumar
Management Skills Development Trainer, Dubai

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചാണ്, ആ അമ്മയെയും മോനെയും പരിചയപ്പെട്ടത്. മോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, അവര്‍ തമ്മിലുള്ള മുഖ പരിചയം മാത്രമായിരുന്നില്ല പരിചയപ്പെടാന്‍ ഹേതുവായത്. മറിച്ച്, സ്റ്റാളുകള്‍ തുറക്കുന്നതിന് മുന്‍പേയെത്തിയ, അവര്‍ രണ്ടു പേരും ഗഹനമായ പുസ്തകവായനയില്‍ മുഴുകിയിരിക്കുന്നതിലുള്ള കൗതുകമായിരുന്നു. അഥവാ പുതിയ പുസ്തകങ്ങള്‍ വാങ്ങാനായി വരുമ്പോള്‍ പോലും, വായിക്കുവാനുള്ള, അല്ലെങ്കില്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ അവരുടെ കയ്യിലുണ്ടായിരുന്നു, എന്നത് ആശ്ചര്യപ്പെടുത്തി.

അമ്മയില്‍ നിന്നും പകര്‍ന്ന ശീലമായിരിക്കും, കുട്ടിയുടെ പുസ്തകത്തോടുള്ള ഇഷ്ടം എന്ന് കരുതി വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍, അത്ഭുതപ്പെടുത്തിയ മറുപടിയാണ് ലഭിച്ചത്.

ആ അമ്മക്ക് പുസ്തക വായന ഒട്ടും താല്‍പര്യമുള്ള കാര്യമായിരുന്നില്ല, എന്നതായിരുന്നു യാഥാര്‍ത്ഥ്യം. പക്ഷേ സ്വന്തം കുട്ടി അങ്ങിനെയാവരുതെന്നും, വായിച്ചു വളരണമെന്നും അവരാഗ്രഹിച്ചു. പക്ഷേ കുട്ടിയില്‍ വായനാശീലം ഉണ്ടാക്കാന്‍, പുസ്തകങ്ങള്‍ വാങ്ങി കൊടുത്തത് കൊണ്ട് മാത്രമാവില്ല എന്ന് ആ അമ്മ വൈകാതെ മനസ്സിലാക്കി.

മൊബൈല്‍ നോക്കിയിരിക്കുമ്പോഴോ, ടിവി കാണുമ്പോഴോ, കുട്ടിക്ക് പുസ്തകം കൊടുത്ത് വായിക്കാനാവശ്യപ്പെട്ടാല്‍ വായിക്കാത്ത, കുട്ടി പക്ഷേ അമ്മയോ അച്ഛനോ പുസ്തകമെടുത്ത് വായിച്ചാല്‍ തനിയെ തന്നെ, വായന തുടങ്ങുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു.

കുട്ടി അച്ഛനെയും അമ്മയെയും അനുകരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അവര്‍ പിന്നീട് ചെയ്തത്, പുസ്തകം വായിക്കുന്നത് പോലെ അഭിനയിക്കുക എന്നതായിരുന്നു. അത് മികച്ച ഫലം നല്‍കിത്തുടങ്ങിയപ്പോള്‍, വായനയുടെ സമയത്ത്, അമ്മയും പുസ്തകം കയ്യിലെടുത്ത് വായിക്കുന്നതായി ഭാവിച്ച് ഇരിക്കാന്‍ തുടങ്ങി. ഫലമോ കുട്ടി നല്ല വായനക്കാരനായി മാറി. ക്രമേണ, ആ അമ്മയും പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതോടെ വായനയുടെ കാര്യങ്ങള്‍ ഭംഗിയായി നടന്നു തുടങ്ങി.

വലിയൊരു പാഠം, ആ അമ്മയില്‍ നിന്നും നമുക്ക്‌ പഠിക്കാനുണ്ട്. കുട്ടികള്‍ എപ്പോഴും തന്നെ, മാതാപിതാക്കളെയും, മുതിര്‍ന്നവരെയും. മാതൃകയാക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരാണ്.

മാതാപിതാക്കളുടെ പ്രവൃത്തികള്‍, എല്ലാം തന്നെ, അതായത് ഭക്ഷണം കഴിക്കുന്നത് മുതല്‍ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍, അവര്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു. കുട്ടികളോട് ശരിയായ കാര്യങ്ങള്‍, എത്ര തന്നെ പറഞ്ഞ് കൊടുത്താലും, അവര്‍ ശ്രദ്ധിക്കുന്നത് നമ്മുടെ പ്രവൃത്തികളെയായിരിക്കും, ഒപ്പം എങ്ങിനെ നമ്മള്‍ പെരുമാറുന്നു, എന്നതുമായിരിക്കും. സോഫയിലും, മേശപ്പുറത്തുമെല്ലാം അലക്ഷ്യമായി പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍, കുട്ടിയുടെ പുസ്തകങ്ങള്‍ എപ്പോഴും വൃത്തിയായി അടുക്കി സൂക്ഷിക്കണമെന്ന് ഉപദേശിച്ചിട്ട് കാര്യമുണ്ടോ ?

സോഫയിലും ചെയറിലും ചാഞ്ഞും ചെരിഞ്ഞുമൊക്കെയിരുന്ന് മൊബൈലില്‍ നോക്കിക്കൊണ്ട് കുട്ടികളോട്, നേരെയിരുന്ന് പഠിക്കണമെന്നോ, അനങ്ങാതിരുന്ന് ടീ വി കാണണമെന്നോ, ആവശ്യപ്പെടുന്നത് എത്ര മോശം സംഗതിയാണെന്ന് മാതാപിതാക്കള്‍ ഓര്‍ക്കാറേയില്ല. ഫലമോ, മാതാ പിതാക്കള്‍ അടുത്തില്ലാത്ത സമയത്ത്, അവര്‍ക്ക് തോന്നുന്നത് പോലെയൊക്കെ സോഫയില്‍ ഇരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഥവാ എന്താണോ ചെയ്യേണ്ടത്, അത് ശീലിക്കില്ല എന്നര്‍ത്ഥം.

പുറത്ത് പോയി വന്നാല്‍, ചെരുപ്പും ഷൂവുമൊക്കെ കൃത്യ സ്ഥലത്ത് വയ്ക്കാതെ, കുട്ടികള്‍ മാത്രം ഇതൊക്കെ, ക്യത്യമായും ഭംഗിയായും അടുക്കി വയ്ക്കണമെന്ന് വാശി പിടിക്കുന്ന മാതാപിതാക്കള്‍ എത്ര പരിഹാസ്യരാണ് എന്നോര്‍ക്കുക. പല്ല് തേക്കാതെ ബെഡ് കോഫി കുടിക്കുന്ന അച്ഛന്‍, മോനോട് പല്ല് തേച്ചിട്ട് മാത്രം, കാപ്പി കുടിച്ചാല്‍ മതി എന്നു പറയുമ്പോള്‍, കുട്ടിയുടെ മനോഭാവം എന്തായിരിക്കുമെന്ന്, മാതാപിതാക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

കുട്ടികള്‍ സ്വന്തം മാതാപിതാക്കളെപ്പോലെയാവാന്‍ ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നു മാത്രമല്ല, അതില്‍ ശരിയുണ്ട് താനും. നമ്മുടെ കുട്ടികള്‍ എങ്ങിനെ പെരുമാറണമെന്ന് പറഞ്ഞ് കൊടുക്കുകയല്ല, മറിച്ച് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. തെറ്റുകള്‍ പറ്റുമ്പോള്‍ അവ ഏറ്റ് പറയാനും, ക്ഷമ ചോദിക്കാനും കുട്ടികളെ നിര്‍ബന്ധിക്കുന്നതിന് പകരം, അവരുടെ മുന്നില്‍ അത്തരത്തില്‍ പെരുമാറി മാതൃകയാവുകയാണ് ചെയ്യേണ്ടത്.

കുട്ടികളുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും കള്ളങ്ങള്‍ പറയുന്ന മാതാപിതാക്കള്‍ക്ക്, കുഞ്ഞുങ്ങള്‍ കള്ളം പറയുന്നതിനെ, കുറ്റപ്പെടുത്താനോ, ശാസിക്കാനോ ശിക്ഷിക്കാനോ അധികാരമോ അവകാശമോ ഇല്ല എന്നത് ഓര്‍ക്കണം. കാരണം അവരെ കള്ളം പറയാന്‍ പഠിപ്പിക്കുന്നത് നമ്മള്‍ തന്നെയാണ്. ഇത്തരം സാഹചര്യത്തില്‍ ശിക്ഷണ നടപടികളിലേക്ക് കടക്കുമ്പോള്‍, കുട്ടികളുടെ മനസ്സില്‍ മാതാപിതാക്കളെപ്പറ്റി എന്ത് ചിത്രമാണ് ഉണ്ടാവുക, എന്നത് മനസ്സിലാക്കാന്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

ചുരുക്കത്തില്‍, കുട്ടികള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതും പഠിക്കുന്നതും മാതാപിതാക്കളുടെയും, മറ്റ് മുതിര്‍ന്നവരുടെയും പ്രവൃത്തികളും, ശീലങ്ങളും കണ്ടും അറിഞ്ഞുമാണ് എന്നത് മറക്കാതിരിക്കണം. കുട്ടികള്‍ ഏത് രീതിയില്‍ വളര്‍ന്ന് വരണമെന്ന് നമ്മള്‍ കരുതുന്നുവോ, ആദ്യം ആ രീതിയില്‍ പെരുമാറി, നമ്മള്‍ തന്നെ മാതൃക കാണിക്കണം എന്നു സാരം. കൂട്ടുകാരില്‍ നിന്നും, സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നും, ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, അവര്‍ കൂടുതലും അനുകരിക്കാന്‍ ശ്രമിക്കുന്നത് മാതാവിനെയും പിതാവിനെയും തന്നെയാണ്.

അത് കൊണ്ട് തന്നെ, ഓരോ മാതാവും പിതാവും കുട്ടികള്‍ക്ക് മാതൃകയാവുക എന്നത് അതിപ്രധാനമാണ്. നല്ലത് ചെയ്താലും, മോശം കാര്യങ്ങള്‍ ചെയ്താലും, കുട്ടികള്‍ മാതാപിതാക്കളെ, അനുകരിക്കുകയും പിന്തുടരുകയും ചെയ്യും, എന്നത് മറക്കാതിരിക്കുക. നമ്മുടെ കുട്ടികള്‍ എങ്ങിനെയാവണമെന്ന് നമ്മള്‍ ചിന്തിക്കുന്നുവോ, നമ്മള്‍ അങ്ങിനെയാവുക. അതേ, നമ്മളാവണം കുട്ടികളുടെ മാതൃക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!