കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ് നിര്‍വഹിച്ചു.

രജിസ്ട്രേഷനായി ഗവ.,എയ്ഡഡ്, അണ്‍ എയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കാം. ഓരോ കോളേജിലെയും കോഴ്സുകള്‍, സീറ്റുകള്‍, കാറ്റഗറി(എയ്ഡഡ്/സ്വാശ്രയം) എന്നിവ ലഭിക്കും. കോളേജുകളുടെ ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, വെബ്സൈറ്റ് വിലാസം എന്നിവയുമുണ്ട്.

കോഴ്സുകളുടെ യോഗ്യതകള്‍, അലോട്ട്മെന്റിന് ആധാരമായ ഇന്‍ഡക്സിങ് മാനദണ്ഡങ്ങള്‍ എന്നിവ മുന്‍കൂട്ടി തീരുമാനിക്കാനും പ്രവേശനനടപടികള്‍ എളുപ്പത്തിലാക്കാനും പോര്‍ട്ടല്‍ സഹായിക്കും. കഴിഞ്ഞവര്‍ഷത്തെ അവസാന ഇന്‍ഡക്സ് മാര്‍ക്ക് വിവരങ്ങള്‍ റിസര്‍വേഷന്‍ കാറ്റഗറിയനുസരിച്ച് അറിയാനുമാകും. കോളേജുകളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുമുണ്ട്. കോളേജില്‍ നേരിട്ടുവരാതെ തന്നെ വിദ്യാര്‍ഥികള്‍ക്കു പ്രവേശനാവശ്യങ്ങള്‍ നിറവേറ്റാനാവും. ഡിഗ്രി പ്രവേശന രജിസ്ട്രേഷനാകും വെബ്സൈറ്റിലൂടെ ആദ്യം ആരംഭിക്കുക.

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യപ്രദമായ വെബ്സൈറ്റ് ഒരുക്കിയതെന്നു സര്‍വകലാശാല കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.വി.എല്‍. ലജീഷ് അറിയിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം. നാസര്‍, രജിസ്ട്രാര്‍ ഡോ. സതീഷ് ഇ.കെ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ.എം. മനോഹരന്‍, ഡോ.കെ.പി. വിനോദ്കുമാര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. രജീഷ്, സിസ്റ്റം അനലിസ്റ്റ് രഞ്ജിമ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!