കാൽനടയിൽ നിന്ന് ഡ്രൈവർ പോലുമില്ലാത്ത, തനിയെ നിയന്ത്രിക്കുന്ന വാഹനങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പ് അതിവേഗത്തിലായിരുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി ഇന്ന് മനുഷ്യ ജീവിതം അത്യന്തം എളുപ്പമാക്കിയിരിക്കുകയാണ് എന്ന് തന്നെ പറയണം. ആരോഗ്യത്തിനു ഹാനികരമായ അല്ലെങ്കിൽ കഠിനമായ ജോലികളെല്ലാം തന്നെ ഇന്ന് മനുഷ്യന്മാരെ മാറ്റി നിർത്തി കേവലം യന്ത്രങ്ങൾ ഉപയോഗിച്ച് നമുക്ക് ചെയ്യിക്കുവാൻ സാധിക്കും. ഇതിന്റെ നിയന്ത്രണം മനുഷ്യർ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒന്നാണെങ്കിൽ, ഇന്ന് സാഹചര്യത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കുവാൻ സാധിക്കുന്ന യന്ത്രങ്ങൾ വരെ രൂപകല്പന ചെയ്യുന്ന വിദഗ്ദ്ധരുണ്ട് – മെക്കട്ട്രോണിക്സ് എൻജിനിയർമാർ.

മെക്കാനിക്സ്, ഇലൿട്രോണിക്സ് എന്നീ രണ്ടു പ്രധാനപ്പെട്ട മേഖലകളുടെ നാമങ്ങൾ സംഗ്രഹിച്ചാണ് മെക്കാട്രോണിക്ക്സ് എന്ന പേര് രൂപമെടുത്തത്. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ്, കമ്പ്യൂട്ടിങ് എന്നീ ശാസ്ത്രങ്ങളുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തികമായി നഷ്ടങ്ങളുണ്ടാക്കാത്ത, ലളിതവും വിശ്വാസ്യവുമായ വ്യവസ്ഥകൾ രൂപീകരിക്കുക എന്നതാണ് ഈ ജോലിയുടെ ലക്ഷ്യമെന്ന് പറയാം. 1969ൽ യസ്‌കവ എന്ന ജാപ്പനീസ് കമ്പനിയുടെ സീനിയർ എൻജിനിയറായ ടെറ്റ്സുരോ മുറിയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

തനിയെ പ്രവർത്തിക്കുന്നതായ ഓട്ടോമേറ്റഡ് യന്ത്രങ്ങളും അവയുടെ ഭാഗങ്ങളും രൂപകല്പന ചെയ്യുക, അവയുടെ ഡിസൈൻ, ഘടന എന്നിവ തീരുമാനിക്കുക എന്നിവയൊക്കെയാണ് ഒരു മെക്കട്രോണിക്സ് എൻജിനീയറുടെ പ്രധാന കർത്തവ്യങ്ങളെന്നാൽ ഈ ഭാഗങ്ങളുടെ പരിപാലനം നിർവ്വഹിക്കുക, യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക എന്നതൊക്കെ മെക്കാട്രോണിക്സ് ടെക്നീഷ്യന്റെ ഉത്തരവാദിത്വങ്ങളാണ്. വിഷയത്തെ പറ്റിയുള്ള അഗാധമായ അറിവും താല്പര്യവും ഈ എന്നും പരിണമിച്ചുകൊണ്ടിരിക്കുന്ന, ബൃഹത്തായി വളർന്നു കൊണ്ടിരിക്കുന്ന ജോലിക്ക് സർവ്വ പ്രധാനമാണ്. ടീമായി ജോലി ചെയ്യുവാനുള്ള മികവ്, രൂപകല്പനകൾ ചെയ്യുവാനുള്ള ക്രിയാത്മകത, ക്ഷമ, വൈദഗ്ദ്ധ്യം എന്നിവയെല്ലാം ജോലിക്ക് അനിവാര്യമാണ്.

കർണാടകയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.കെ.), പട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), വെല്ലോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാട്യാലയിലെ ഥാപർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, റൂർക്കേലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.), ഹൗറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.ഇ.എസ്.ടി ), തഞ്ചാവൂരിലെ ശാസ്ത്ര യൂണിവേഴ്സിറ്റി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയെല്ലാം മെക്കാട്രോണിക്സ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള പ്രമുഖ സ്ഥാപനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!