ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ രോഗശമനത്തിനും വൈകല്യ ചികിത്സകൾക്കുമെല്ലാം ആൾക്കാർ പാശ്ചാത്യ വൈദ്യശാസ്ത്രങ്ങൾ പരീക്ഷിച്ച് തൃപ്തി വരാതെ ആയുർവേദത്തിലേക്ക് തിരിയുന്നത് കാണാൻ കഴിയും. ഇന്ത്യയിൽ ഉത്ഭവിച്ചതായി പറയുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി വാരണാസിയിലെ രാജാവായി അവതരിച്ച് വൈദ്യന്മാർക്ക് ആയുർവേദ ചികിത്സയിൽ പരിജ്ഞാനം പകർന്ന് നൽകിയെന്ന് പറയപ്പെടുന്നു. ഔഷധസസ്യങ്ങളുടെയും, പദാർത്ഥങ്ങളുടെയും, ചേരുവകളും മറ്റുമാണ് ഈ മേഖലയിൽ ചികിത്സാരീതികളിൽ ഉപയോഗിക്കുന്നത്. പ്രധാനമായും പഞ്ചേദ്രിയങ്ങളെ കേന്ദ്രീകരിച്ച് ചികിത്സാപ്രവർത്തനങ്ങൾ നടക്കുന്നു.

ആയുർവേദ ഹീലർമാരാകാൻ പ്രധാനമായും വേണ്ടത് ഏകാഗ്രതയും ദൃഢവിശ്വാസവുമാണ്. ആത്മവിശ്വാസം, ഉത്തരവാദിത്വം, മാനുഷിക സ്നേഹം, ആശയ വിനിമയം ചെയ്യാനും കൗൺസിലിങ്‌ നടത്താനുമുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കുവാനുള്ള ശേഷി എന്നതൊക്കെ ഈ ജോലിക്ക് അത്യാവശ്യമായും വേണ്ട ഘടകങ്ങളാണ്. രാജ്യത്തെ ആയുർവേദ കോളേജുകളെല്ലാം നൽകുന്നത് ഇന്റൺഷിപ്പ് ഉൾപ്പടെ 6 1/2 വർഷത്തെ ബി.എ.എം.എസ്. ബിരുദമായത് കൊണ്ടു തന്നെ ക്ഷമയും നിശ്ചയദാർഢ്യവും ആവശ്യമാണ്. ബി.എ.എം.എസിനു ചേരുവാൻ കുറഞ്ഞത് 17 വയസ്സ് വേണം. ഒന്നോ രണ്ടോ വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും, ആയുർവേദ മെഡിസിൻ, മസാജ്, പഞ്ചകർമ തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്‌സുകളും ചില ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്നുണ്ട്.

ബി.എ.എം.എസ്. പാസായതിന് ശേഷം ബിരുദാനന്തര ബിരുദം എടുക്കാം. മൂന്ന് വർഷത്തെ ഡോക്ടർ ഓഫ് മെസിസിൻ ഇൻ ആയുർവേദ (എം.ഡി. ആയു.), മാസ്റ്റർ ഓഫ് സർജറി ഇൻ ആയുർവേദ (എം.എസ്. ആയു.) മുതലായ കോഴ്‌സുകൾ രാജ്യത്തെ പ്രമുഖ ആയുർവേദ കോളേജുകളിൽ ലഭ്യമാണ്. എം.ബി.ബി.എസും ഒരു വർഷത്തെ ഇന്റൺഷിപ്പും കഴിഞ്ഞവർക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് യോഗ്യതയുണ്ട്. ചണ്ഡീഗഢ് ശ്രീ ധന്വന്തരി ആയുർവേദിക് കോളേജ്, ബെംഗളൂരുവിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ജംനഗറിലെ ഗുജറാത്ത് ആയുർവേദ് യൂണിവേഴ്‌സിറ്റി, കോലാപ്പൂരിലെ ആയുർവേദിക് മെഡിക്കൽ കോളേജ് എന്നു തുടങ്ങി ഒത്തിരിയധികം കോളേജുകളും ഇൻസ്റ്റിറ്റ്യൂറ്റുകളും കോഴ്‌സുകൾ നൽകുന്നുണ്ട്. പാശ്ചാത്യ സമൂഹത്തിലും ഇപ്പോൾ ആയുർവേദത്തിന് പ്രചാരം കിട്ടിവരുന്നതിനാൽ തന്നെ, രാജ്യത്തിന് പുറത്ത് ഒട്ടേറെ അവസരങ്ങൾ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!