ഇൻഷുറൻസ് കമ്പനികൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. അപ്രതീക്ഷിതവും ഭംഗുരവുമായ ജീവിതത്തിനു ഒരു സുരക്ഷയുടെ പൂട്ടിട്ടു വെയ്ക്കുവാൻ മനുഷ്യന് ഒരവസരം നൽകുന്ന (എന്ന് പറയപ്പെടുന്ന) ഈ കമ്പനികളിലെല്ലാം ഉറപ്പായും ഉണ്ടാകുന്ന ഒരു ഉദ്യോഗമാണ് ഇപ്പറഞ്ഞ ആക്ച്വറി. അതെന്താണാവോ വകുപ്പ് എന്നായിരിക്കും അടുത്ത ചോദ്യം.

1848 ൽ ലണ്ടനിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് സ്ഥാപിതമായതിൽ നിന്നാണ് ഈ ഒരു ഉദ്യോഗത്തിനു ലോകപ്രാപ്‌തി കൈവന്നത്. 1944ൽ സ്ഥാപിതമായി, 1979ൽ അന്താരാഷ്‌ട്ര സംഘടനയായ ഇന്റർനാഷണൽ ആക്ച്വറിയൽ അസോസിയേഷനിൽ (IAA) ചേർന്ന സ്ഥാപനമാണ് ആക്ച്വറിയൽ സൊസൈറ്റി ഓഫ് ഇന്ത്യ (ASI). ഇൻഷുറൻസ് മേഖലയിൽ കേന്ദ്രീകരിച്ചാണ് ആക്ച്വറിയന്മാർ ജോലി ചെയ്തിരുന്നതെങ്കിലും ഇപ്പോൾ മറ്റു മേഖലകളിലേക്കും ഈ ശാഖ പടർന്ന് പന്തലിച്ചിരിക്കുന്നു.

വാണിജ്യ മേഖലകളിലെ വിദഗ്ധന്മാർക്കെ നല്ലൊരു ആക്ച്വറിയാകുവാൻ സാധിക്കുകയുള്ളു. ഒരു സാമ്പത്തിക ഇടപാടിൽ എത്രത്തോളം നഷ്ടസാധ്യതകൾ വിലയിരുത്തി, അപകടസാദ്ധ്യതകൾ ചൂണ്ടികാണിക്കുന്നതാണ് ഒരു ആക്ച്വറിയുടെ പ്രധാന ജോലി. സാമ്പത്തിക സിദ്ധാന്തങ്ങളെയും, സാധ്യതകളെയും ശതമാനങ്ങളെയും, ഗണിതശാസ്ത്രപരമായ അറിവിനെയും വിനിയോഗിച്ച്, സംഭവങ്ങൾ പ്രവചിക്കുക എന്നതാണ് ജോലി എന്ന ചുരുക്കം. സാധ്യതകൾ കണക്കാക്കാനുള്ള മികവ് വർദ്ധിക്കുംതോറും, നിഗമനങ്ങളുടെ കൃത്യതയും, കൂടെ തന്നെ ശമ്പളവും പദവിയും ഉയരും. ആസ്പത്രികൾ, നിക്ഷേപക സ്ഥാപനങ്ങൾ, കൺസൾട്ടേഷൻ സെന്ററുകൾ, സർക്കാർ സ്ഥാപനങ്ങൾ, വലിയ കോർപറേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജോലി സാധ്യതകളുണ്ട്.

രാജ്യത്ത് 10 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു ശരാശരി ആക്ച്വറി പ്രതിവർഷം 10 ലക്ഷം രൂപയോളം സമ്പാദിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഗണിതശാസ്ത്ര തത്വങ്ങൾ, സിദ്ധാന്തങ്ങൾ, അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം, ടീം ആയി ജോലി ചെയ്യുവാനുള്ള ശേഷി, ആശയവിനിമയ മികവ്, വാണിജ്യപരമായ അവബോധം, കണക്കുകൂട്ടലുകളുടെയും സാധ്യതകൾ വിലയിരുത്തുന്നതിനുമുള്ള കഴിവ്, എന്നിവയുണ്ടെങ്കിൽ ഏറ്റവും ഉത്തമമായ ഒരു ജോലിയാണ് ആക്ച്വറി. എസ്സ്.ഒ.എ., സി.എ.എസ്. മുതലായ സർട്ടിഫിക്കേഷനുകൾ, പരീക്ഷകൾ എഴുതി നേടിയെടുത്താൽ ജോലിക്ക് മൂല്യവും ഉദ്യോഗത്തിന്റെ ശമ്പളവും കുത്തനെ വർദ്ധിക്കും. പുതിയ കമ്പനികൾ ഉയർന്ന വരുന്ന സാഹചര്യത്തിൽ, കണക്കുകളുടെ തലവനാക്കാൻ ഒരു മികവുറ്റ ഉദ്യോഗാർത്ഥിക്ക് ആവശ്യക്കാർ ഏറെയായിരിക്കും.

ഹരിയാണ എൻജിനീയറിങ് കോളേജ്, ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ട്രിച്ചിയിലെ ബിഷപ് ഹാർബർ കോളേജ്, എറണാകുളം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട്, പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി, മുംബൈയിലെ കോളേജ് ഓഫ് ഇൻഷുറൻസ്, കൊൽക്കത്തയിലെ ഇൻഷുറൻസ് ട്രെയ്നിങ് സെന്റർ, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ, നോയിഡയിലെ അമിറ്റി സ്‌കൂൾ ഓഫ് ഇൻഷുറൻസ് ആൻഡ് ആക്ച്വറിയൽ സയൻസസ്, എന്നിവയൊക്കെയാണ് രാജ്യത്തെ പ്രമുഖ ആക്ച്വറി കോഴ്സ് ലഭ്യമാക്കിയിട്ടുള്ള കോളേജുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!