പ്രകൃതിയുടെ വികൃതികളൊക്കെ ഒന്ന് വിട്ടു മാറി രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുവാണല്ലോ സംസ്ഥാനത്ത്. ഈ മേളകളിൽ പോയിട്ടുള്ളവർക്ക് വളരെ സുപരിചിതമായ ഒരു വാക്കു തന്നെയാകും ഈ ക്യൂറേറ്റർ. പലപ്പോഴും ഒരു ക്യൂറേറ്റർ തിരഞ്ഞെടുത്തതായ ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വിഭാഗം അഥവാ പാക്കേജ് തന്നെ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ മേളയുടെ ജൂറികൾ തന്നെയാകും ക്യൂറേറ്റർമാരാകുക. എന്നാലും എങ്ങനെയാണാവോ അങ്ങനെയൊക്കെയാകുക?

ചലച്ചിത്രങ്ങൾക്ക് പുറമെ, ക്യൂറേറ്റർ പദവി ഏറ്റവും പ്രസക്തമായ മറ്റ് ചില മേഖലകളുണ്ട്. ആർട്ട് ക്യൂറേറ്റർ, മ്യൂസിയം ക്യൂറേറ്റർ, ഗ്യാലറി ക്യൂറേറ്റർ എന്നിവയൊക്കെ പ്രമുഖ കരിയർ സാദ്ധ്യതകളാണ്. ചലച്ചിത്ര മേളയിൽ ഒരു വിഭാഗം സിനിമകൾ എന്ത് കൊണ്ട് പ്രദർശിപ്പിക്കണം, ആ വിഭാഗത്തിന്റെ പ്രസക്തിയെന്ത്, ആ ചിത്രങ്ങളുടെയൊക്കെ സംഭാവനകളെന്ത് എന്നൊക്കെ വിശകലനം ചെയ്ത്, ആ ചിത്രങ്ങൾ പ്രദര്ശനത്തിനെത്തുമ്പോഴാണ് അദ്ദേഹം ഒരു ക്യൂറേറ്റർ.ആകുന്നത്. നമുക്ക് മ്യൂസിയം ക്യൂറേറ്റർമാരുടെ ജോലിയെന്തെന്ന് പരിശോധിക്കാം.

ഒരു മ്യൂസിയത്തിൽ, ഏതൊക്കെ ആർട്ടിഫാക്ടുകൾ വെയ്ക്കണം എന്ന് തീരുമാനിക്കുന്നത് മുതൽ ആ ആർട്ടിഫാക്ടുകൾ മ്യൂസിയത്തിലെത്തിക്കുക, അവ സംരക്ഷിക്കുക, അവയെ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിൽ പ്രദർശിപ്പിക്കുക എന്നിവയെല്ലാം ക്യൂറേറ്റർ ചെയ്യേണ്ട ജോലികളാണ്. ഓരോ ആർട്ടിഫാക്ടിന്റെയും പ്രായം, സ്രോതസ്സ് എന്നിവ പരിശോധിക്കേണ്ടതും പലപ്പോഴും ജോലിയുടെ ഭാഗമാണ്. ആർട്ട് ഗ്യാലറികളിൽ ഇത് പോലെ തന്നെ പെയിന്റിങ്ങുകളും മറ്റുമാകും കൈകാര്യം ചെയ്യേണ്ടത്. ചിലപ്പോഴൊക്കെ ജനസമ്പർക്ക പരിപാടികളിൽ പങ്കെടുക്കുന്നതും ഉത്തരവാദിത്വങ്ങളിൽ പെടാറുണ്ട്.

സൂക്ഷ്മ നിരീക്ഷണം, വിശകലന മികവ്, പെട്ടെന്ന് തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് എന്നിവയൊക്കെ ജോലിക്കനിവാര്യമാണെങ്കിൽ, മേഖലയിൽ അനേകം വർഷത്തെ പ്രവർത്തി പരിചയവും അഗാധമായ പരിജ്ഞാനവും ഇതിന്റെ യോഗ്യതാപരമായ ആവശ്യങ്ങളാണ്.

ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ചെയ്തവർക്ക് ജോലിക്കപേക്ഷിക്കാമെങ്കിലും, പി.എച്ച്.ഡി., 5 വർഷത്തിൽ കൂടുതലായി മേഖലയിൽ പരിചയസമ്പത്ത് എന്നിവയുള്ളവർക്കായിരിക്കും പരിഗണന ലഭിക്കുക. ആർട്ട്, ചരിത്രം, മ്യൂസിയം സ്റ്റഡീസ് എന്നിവയിലൊക്കെ കോഴ്‌സുകൾ ചെയ്യാവുന്നതാണ്. യോഗ്യതയോടൊപ്പം ശക്തമായ സംഘാടന മികവും കാര്യക്ഷമമായി സ്ഥാപനം മുന്നോട്ടു കൊണ്ട് പോകാനുള്ള കഴിവും ശാരീരികമായ സ്റ്റാമിനയും ജോലിക്കാവശ്യമായി വരും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!