Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഹ്യൂമാനിറ്റീസ്, അല്ലെങ്കിൽ ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ പൊതുവെ നേരിടുന്ന ചില ചോദ്യങ്ങൾ ഉണ്ട്,

അയ്യോ…ഹ്യൂമാനിറ്റീസ് ആണോ പഠിക്കുന്നത് ? വേറെ ഒന്നും കിട്ടീല്ലേ ? മാർക്ക് കുറവായിരിക്കും അല്ലെ ? ഇത് പഠിച്ചിട്ട് വല്ല കാര്യോം ഉണ്ടോ ?

ആർട്സ് ഒക്കെ പഠിച്ചിട്ട് എന്താവാനാ..? ടീച്ചർ ആവാൻ ആണോ..? വല്ല എഞ്ചിനീയറിങ്ങും നോക്കി കൂടായിരുന്നോ…?

ഇങ്ങനെ നീണ്ട് പോകുന്നു ആർട്സ്, ഹ്യൂമാനിറ്റീസ് പഠിക്കുന്ന കുട്ടികളോടുള്ള ചോദ്യങ്ങൾ. കോഴ്സ്കളെ കുറിച്ച് വലിയ ധാരണയില്ലാത്തവരിൽ നിന്ന് ഉണ്ടാവുന്ന ചോദ്യങ്ങൾ ആണെങ്കിലും ഇത് കുട്ടികളിൽ അപകർഷതാ ബോധം ജനിപ്പിക്കുന്നുണ്ട്. ഇങ്ങനെ മാനവിക, കല വിഷയങ്ങളോടുള്ള മിഥ്യാ ധാരണകളും, ചുരുങ്ങിയ അവസരങ്ങൾ ഒള്ളു എന്ന് മുൻ വിധിയിലിരിക്കുന്ന സമൂഹത്തിന്റെ ചിന്തയുമെല്ലാം മാറി വരുന്നേയൊള്ളൂ. ഐ ഐ ടി കളും എൻജിനീയറിങ്ങുമെല്ലാം അത്രമാത്രം പ്രധാനമായി നിൽക്കുന്ന  സമൂഹത്തിൽ മാനവിക വിഷയങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ അതിശയിക്കാനില്ല.

പക്ഷെ, ഐ ഐ ടി കളും മറ്റും മാനവിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്ന വാർത്തകൾ ഈ മേഖലയുടെ ഭാവിയെ  വളർത്താൻ സഹായകരമാക്കുമെന്നത് ശുഭകരമാണ്.

ഫെബ്രുവരിയിൽ നടക്കുന്ന എഞ്ചിനീയറിംഗ് ഉപരി പഠന പ്രവേശന പരീക്ഷ ‘ഗേറ്റി ‘ ൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന പേപ്പർ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ആണ്. ഹ്യൂമാനിറ്റീസ് അല്ലെങ്കിൽ ആർട്സ് ബിരുദ ധാരികൾക്ക് ഈ പേപ്പറിൽ ‘ഗേറ്റ് ‘ എഴുതി മുൻ നിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താം. ഐ ഐ എമ്മുകളിലേക്കും മറ്റുമുള്ള പ്രവേശന പരീക്ഷ ‘ക്യാറ്റി’ ലും ഹ്യൂമാനിറ്റീസ് / ആർട്സ് ബിരുദ ധാരികൾ ഉന്നത വിജയം നേടുന്നുണ്ട്. ഐ ഐ ടികൾക്ക് പുറമെ ഐ ഐ എമ്മുകളും ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പുതിയ പ്രോഗ്രാമുകൾ തുടങ്ങുന്നതും അത്ര വിദൂരത്തല്ലാത്ത കാര്യമാണ്.

മാനവിക വിഷയങ്ങൾക്ക് മാനേജ്‌മന്റ് ടെക്നോളജി മേഖലയിൽ പ്രസക്തിയേറുകയാണിപ്പോൾ. ഹ്യൂമാനിറ്റീസ് പഠനത്തിന്റെ പ്രസക്തി കൂടുന്നതിന്റെ മികച്ച ഉദാഹരണമാണ് കോഴിക്കോട് ഐ ഐ എമ്മിൽ കഴിഞ്ഞ വർഷം  തുടങ്ങിയ പി ജി പ്രോഗ്രാം ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്‌മന്റ്. ഭാവിയിൽ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാനേജർമാരാണ് ആവശ്യം എന്ന കാഴ്ചപ്പാടാണ് ഈ മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ, കോർപറേറ്റ് മേഖലയിലെ അയയുന്ന തൊഴിൽ ബന്ധങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരമേകാൻ ആർട്സ്, ഹ്യൂമാനിറ്റീസ് പശ്ചാത്തലത്തിലുള്ള മാനേജർക്ക് കഴിയുമെന്നാണ് കണക്ക് കൂട്ടൽ.

 

ഈ പാത പിന്തുടർന്ന് ഐ ഐ എം ബാംഗ്ലൂർ എക്കണോമിക്സ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിൽ ലിബറൽ ആർട്സിൽ ബി എ തുടങ്ങാൻ പദ്ധതിയുണ്ട്. അത് പോലെ തന്നെ ഐ ഐ ടി മദ്രാസിലെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എ (ഇംഗ്ലീഷ്/ ഡെവലപ്മെന്റ് സ്റ്റഡീസ് ) പ്രോഗ്രാം ഇപ്പോൾ തന്നെ ശ്രദ്ധേയമാണ്. ഐ ഐ ടി ഗാന്ധി നഗറിലെ എം എ സൊസൈറ്റി ആൻഡ് കൾച്ചറൽ പ്രോഗ്രാം ഇന്റർ ഡിസിപ്ലിനറി പഠന സാധ്യതകൾക്ക് മികച്ച ഉദാഹരണമാണ്. എം എ ടെവലപ്മെന്റ് സ്റ്റഡീസ് ഉള്ള മറ്റൊരു ഐ ഐ ടി ആണ് ഗുവാഹത്തി.

ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകൾക്ക് പ്രസക്തിയേറുമ്പോൾ, ഇതിന്റെ ആദ്യ പ്രതിഫലനം എന്ന രീതിയിൽ ഐ ഐ എമ്മുകളിലും ഐ ഐ ടി കളിലും കാണുന്നുവെങ്കിൽ അടുത്ത ഘട്ടത്തിൽ മറ്റ് കോളേജുകളിലും മാറ്റങ്ങൾ വരും എന്നതാണ്. ലോകം മാനേജ്‌മന്റ്, ടെക് വിദഗ്ധരുടെ കയ്യിൽ ഒതുങ്ങുന്നുവെന്നും മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇടമില്ലാതാകുന്നുവെന്നുമുള്ള തെറ്റിദ്ധാരണ കൂടിയാണ് ഇതോടെ നീങ്ങുന്നത്. സാഹിത്യവും കലയും അറിയുന്നവരുടെ വില ലോകം തിരിച്ചറിയുകയാണ്.

Leave a Reply