Siva Kumar
Management Skills Development Trainer, Dubai

ഏത് മത്സരത്തിലും പൊരുതി കളിക്കുന്നവര്‍ക്കുള്ളതാണ് വിജയം. ജീവിതത്തിലെ കാര്യവും അത് തന്നെയാണ്. ജീവിതത്തോട്, പ്രശ്‌നങ്ങളോട്, പ്രതിസന്ധികളോട്, സാഹചര്യങ്ങളോട്  ഒക്കെ പൊരുതുന്നവര്‍ക്കവകാശപ്പെട്ടതാണ് ജീവിത വിജയം.

എല്ലാ വിധ സൗകര്യങ്ങള്‍ അഥവാ അവസരങ്ങളും, അനുകൂല സാഹചര്യങ്ങളും, ശാരീരിക മാനസിക ആരോഗ്യവും ഉണ്ടായിട്ടും, അതൊന്നും ഉപയോഗപ്പെടുത്താതെ അലസ ജീവിതം നയിക്കുന്നവര്‍ നമ്മളില്‍ത്തന്നെയുണ്ടാവും.

ഒരു കഥയുടെ ചുരുക്കം ഇതാണ്.

ഒരു ദിവസം മാതാവ് തന്റെ നാല് മക്കളെ വിളിച്ചു പറഞ്ഞു, ‘നിങ്ങളുടെ അച്ഛന്‍ മരിച്ചതോടെ നമ്മുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായി. പക്ഷേ മരിക്കുന്നതിന് മുന്‍പ്, ദൂരെയുള്ള നമ്മുടെ പഴയ ഗ്രാമത്തില്‍ കുറച്ച് നിധി, അദ്ധേഹം കുഴിച്ചിട്ടിരുന്ന കാര്യം പറഞ്ഞിരുന്നു. നിങ്ങള്‍ പോയി ആ നിധി കൊണ്ടു വന്നാല്‍ ശിഷ്ടകാലം നിങ്ങള്‍ക്ക് സുഖമായി ജീവിക്കാം.’

ഇതനുസരിച്ച് അവര്‍ നാലു പേരും ചേര്‍ന്ന് ഗ്രാമത്തിലെത്തി നിധി കണ്ടെത്തി. തുടര്‍ന്ന് സ്വര്‍ണ്ണവും, രത്‌നങ്ങളും,  പണവും ഒക്കെ സഞ്ചികളില്‍ വാരി നിറക്കാന്‍ തുടങ്ങി. അപ്പോഴാണ് മൂത്ത സഹോദരന് പിറ്റേ ദിവസത്തെ കൂട്ടുകാരുമൊത്തുള്ള മത്സരം ഓര്‍മ്മ വന്നത്. സ്വര്‍ണ്ണവും, പണവും, രത്‌നങ്ങളും  നിറച്ച ഭാരമുള്ള സഞ്ചി കയ്യിലെടുത്ത്,  ദീര്‍ഘ ദൂരം നടന്നാല്‍ കൈ വേദനയെടുക്കും. അങ്ങിനെ വന്നാല്‍  നാളത്തെ മത്സരത്തില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് അദ്ധേഹം സഞ്ചി ഒഴിവാക്കി, ഒരു കയ്യില്‍ ഒതുങ്ങാവുന്നത്  മാത്രം കയ്യിലെടുത്തു. ഇതു കണ്ടതോടെ, രണ്ടാമത്തെയും മൂന്നാമത്തെയും സഹോദരന്‍മാരും അത് പോലെ ചെയതു.

എന്നാല്‍ മുടന്തനായ ഇളയ സഹോദരനാവട്ടെ, എടുക്കാവുന്നതിന്റെ  പരമാവധി, തന്റെ സഞ്ചികളില്‍ നിറച്ച് തലയിലും, മുതുകത്തും, തോളിലുമായി ചുമന്ന് ഏന്തി വലിഞ്ഞ് നടന്നു തുടങ്ങി. ഒഴിഞ്ഞ സഞ്ചിയുമായി തിരിച്ചു നടന്ന സഹോദരങ്ങള്‍ ഉല്ലസിച്ച് യാത്ര ചെയ്തപ്പോള്‍ ഇളയ സഹോദരന്‍ ക്ലേശിച്ചാണ് യാത്ര ചെയ്തത്. പക്ഷേ പിന്നീട് ഇളയ സഹോദരന്‍ ധനികനായപ്പോള്‍, താല്‍ക്കാലിക സുഖം മാത്രം ലക്ഷ്യം വച്ച സഹോദരങ്ങള്‍ ദരിദ്രരായി മാറി. ദരിദ്രരായ അവര്‍ സമൂഹത്തെയും, വ്യവസ്ഥിതിയെയും, ദൈവത്തെയും കുറ്റം പറഞ്ഞ് ആശ്വാസം കണ്ടെത്തി, എന്നാണ് കഥ.

ഈ കഥ കേള്‍ക്കുമ്പോള്‍, ഇങ്ങിനെ ആരെങ്കിലും ഒഴിഞ്ഞ സഞ്ചിയുമായി നടക്കുമോ എന്ന് സംശയം തോന്നാം. പക്ഷേ ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ നമ്മുക്ക് ചുറ്റും അത്തരക്കാരെ ധാരാളം കാണാന്‍ കഴിയും. പലപ്പോഴും അലസരായ ആ സഹോദരങ്ങളെ, നമ്മള്‍ സ്വയം നിലക്കണ്ണാടിയില്‍ നോക്കിയാലും സെല്‍ഫി എടുത്താലും കാണാം.

എല്ലാ അവയവങ്ങളോടെ, ആരോഗ്യമുള്ള, അറിവും കഴിവും നേടാന്‍ സൗകര്യമുള്ള, സമയമുള്ള, സാമ്പത്തികമുള്ള നമ്മളില്‍ എത്ര പേര്‍  ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ പ്രയത്‌നിക്കാറുണ്ട് എന്നാലോചിക്കുക.  താല്‍ക്കാലിക സുഖത്തിന് വേണ്ടി മടി പിടിച്ചിരിക്കുമ്പോള്‍, അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍  നഷ്ടമാവുന്നത് നല്ലൊരു ജീവിതമാണ്, പ്രകാശപൂര്‍ണ്ണമായ സ്വന്തം  ഭാവിയാണ് എന്നോര്‍ക്കുക.

ഏത് കാര്യത്തിലും മറ്റുള്ളവരെ പഴി പറഞ്ഞ്, സാഹചര്യങ്ങളെ കുറ്റപ്പെടുത്തി അലസരായിരിക്കുന്നവരുടെ ജീവിതം ഒഴുക്കിലെ പൊങ്ങുതടി പോലെ എവിടെയെങ്കിലും ചെന്നെത്താം, എവിടെയും എത്താതെയുമിരിക്കാം.

എന്നാല്‍, എന്തൊക്കെ പരിമിതികളും പ്രതിസന്ധികളും ഉണ്ടെങ്കിലും,  ഒരു കാര്യം ആഗ്രഹിച്ചാല്‍, ഇച്ഛാ ശക്തിയോടെ ആ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിച്ചാല്‍,  തീര്‍ച്ചയായും അത് നേടിയെടുക്കാന്‍ സാധിക്കും. അതിന് നമ്മുടെ മുന്നില്‍ ജീവിക്കുന്ന ഉദാഹരണങ്ങളിലൊരാളാണ് ജസീക്ക കോക്‌സ് എന്ന വനിതാ പൈലറ്റ്. അഥവാ രണ്ടു കൈകളുമില്ലാതെയും വിമാനം പറപ്പിക്കുന്ന പൈലറ്റ്.

1983 ല്‍ അമേരിക്കയിലെ അരിസോണയില്‍ ജന്മനാ രണ്ടു കൈകളുമില്ലാതെയാണ് ജസീക്ക  പിറന്നത്. ആരും തളര്‍ന്നു പോകുന്ന ദൗര്‍ഭാഗ്യകരമായ ആ സാഹചര്യത്തിലും, അച്ഛനമ്മമാര്‍ അവളെ ആത്മവിശ്വാസത്തോടെ വളര്‍ത്തി. കൈകളില്ലെങ്കിലെന്ത്, രണ്ടു കാലുകള്‍ ഉണ്ടല്ലോ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ചിന്ത. എഴുതുന്നതും, ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും മുതല്‍ കണ്ണിലെ കോണ്ടാക്ട് ലെന്‍സ് മാറ്റി വക്കുന്നതും മേക്കപ്പ് ചെയ്യുന്നതുമൊക്കെ കാലുകൊണ്ട് തന്നെ അവള്‍ പരിശീലിച്ചു.

Jessica cox (Picture Credit: media 1.popsugar-assets.com)

തുടര്‍ന്ന്, ജസീക്കയുടെ ഇച്ഛാശക്തിക്ക്  മുന്നില്‍ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി വഴങ്ങിത്തുടങ്ങി. രണ്ടും കയ്യും കാലും, പൂര്‍ണ്ണ ആരോഗ്യവുമുള്ളവര്‍ അത് കണ്ട് അന്തം വിട്ടുനിന്നു. രണ്ടു കയ്യും ഇല്ലാതെ തന്നെ,  ഒരു മാറ്റവും വരുത്താത്ത കാര്‍ ഡ്രൈവ് ചെയ്യുന്ന, നര്‍ത്തകിയായ, കമ്പ്യൂട്ടറില്‍ മിനുട്ടില്‍ 25 വാക്കുകള്‍ ടൈപ്പ് ചെയ്യുന്ന, സൈക്കോളജിയില്‍  ബിരുദമെടുത്ത,  ജസീക്കക്ക് തായ്ക്ക്വാണ്ടയില്‍ രണ്ടു ബ്ലാക്ക് ബെല്‍റ്റുണ്ട്. മാത്രമല്ല, കടലിനടിയില്‍ നീന്തുന്ന ഒരു അംഗീകൃത സ്‌കൂബ ഡൈവറുമാണവര്‍. ഇതിനൊക്കെ പുറമെയാണ് ലൈറ്റ് സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പറത്താനുള്ള പൈലറ്റ് ലൈസന്‍സ് നേടി, കൈകളില്ലാതെ കാലുകൊണ്ട് വിമാനം പറത്തുന്ന ഏക പൈലറ്റ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡിനുടമയായത്.

ഇത്രയും പരിമിതികളുള്ള ജസീക്കയ്ക്ക് ഇതൊക്കെ സാധിക്കാമെങ്കില്‍ ശാരീരിക പരിമിതികള്‍ ഇല്ലാത്ത നമ്മള്‍ക്ക് എന്തൊക്കെ സാധിക്കും എന്നോര്‍ക്കുക. നമ്മള്‍ മുന്നേറുന്നില്ലെങ്കില്‍ അതിന് കാരണം  നമ്മുടെ മാനസിക പരിമിതി മാത്രമാണ് എന്ന് തിരിച്ചറിയുക.

യൂടൂബ് നോക്കി ഐ ഫോണ്‍ റിപ്പയറിംഗ് മുതല്‍ സിനിമാ സംവിധാനം വരെ പഠിച്ച് ജീവിതത്തില്‍ മുന്നേറിയവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇത് വായിക്കുന്ന നിങ്ങള്‍, ജീവിതത്തില്‍ മുന്നേറാന്‍ തീരുമാനിച്ച് സ്വന്തം മാനസിക പരിമിതി മറികടന്നാല്‍, ഭാവിയിലെ  ആരായിരിക്കും ??

LEAVE A REPLY

Please enter your comment!
Please enter your name here