Siva Kumar
Management Skills Development Trainer, Dubai

സ്വപ്നം കാണുക, തീവ്രമായി ആഗ്രഹിക്കുക,  അതിനായി പ്രയത്‌നിക്കുക.  സ്വപ്നം സഫലമാവും എന്നത് തീര്‍ച്ചയാണ്. നമുക്ക് ജീവിതം ഒന്നേയുള്ളൂ. സ്വപ്ന സാക്ഷാത്ക്കാരം അടുത്ത ജന്മത്തേക്കായി മാറ്റി വയ്‌ക്കേണ്ടതില്ല. കാര്യങ്ങള്‍ നാളത്തേക്കായി മാറ്റിവച്ചു കൊണ്ട്, നമ്മള്‍ നഷ്ടപ്പെടുത്തുന്ന ഓരോ ദിവസവും, എന്നന്നേയ്ക്കുമായി നമ്മുടെ ജീവിതത്തില്‍ നിന്നും പാഴാവുകയാണ്. ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന അവസരങ്ങളാണ്. ഇന്നത്തെ തീരുമാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് നമ്മുടെ നാളത്തെ ജീവിതവും, വിജയവും നേട്ടങ്ങളും.

പെട്ടന്നൊരു ദിവസം ദൈവം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നമ്മുടെ ജീവിതം മാറ്റിമറിക്കാനൊന്നും പോവുന്നില്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. അദ്ധ്വാനിക്കാനും പ്രയത്‌നിക്കാനും മടിയുള്ളവരെ ഒരു ദൈവത്തിനും ഇഷ്ടമാവാനും വഴിയില്ല.

ജീവിതം വളരാനുള്ളതാണ്, നേടാനുള്ളതാണ്, വിജയിക്കാനുള്ളതാണ് എന്നത്  മറക്കാതിരിക്കുക നമ്മുടെ ജീവിതത്തില്‍ വിജയത്തിന് തടസമായി നില്‍ക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് നമ്മളാണ്, നമ്മുടെ മനോഭാവം മാത്രമാണ് എന്നറിയുക. ഒരു ഓഫീസ് ബോയ്, സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പദവിയായിരിക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന തസ്തിക.

വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലന്വേഷകരുടെ ഫയലിലെ, കടലാസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം അറിവിനും, കഴിവിനും, കാര്യപ്രാപ്തിക്കും, ആത്മവിശ്വാസത്തിനും പരിഗണന നല്‍കപ്പെടുന്ന ഗള്‍ഫ് മേഖലയില്‍ ചെറിയ ജോലികളില്‍ നിന്ന് തുടങ്ങി, ഉന്നത സ്ഥാനത്തെത്തിയ മലയാളികള്‍ ഒരുപാടുണ്ട്. അതില്‍ നേരിട്ടറിയാവുന്ന ഒരു വ്യക്തിത്വം ആണ് ശ്രീ അബ്ദുള്‍ റഷീദിന്റേത്.

പത്താം ക്ലാസ്സില്‍ തോറ്റ് പഠിപ്പ് നിര്‍ത്തിയ റഷീദ് കല്ലായിയില്‍ ബാപ്പ പണിയെടുക്കുന്ന തടിമില്ലില്‍ രണ്ടു വര്‍ഷം കണക്കെഴുത്തുകാരനായി ജോലി നോക്കിയിരുന്നു. ഒപ്പം അന്നത്തെ നാട്ടുനടപ്പായിരുന്ന ടൈപ്പ്‌റൈറ്റിംഗും പഠിച്ചിട്ടാണ് ഒരു വിസ ഒപ്പിച്ച് അബുദാബിയിലെത്തിയത്. പക്ഷേ കിട്ടിയതാവട്ടെ  ബോട്ട് നന്നാക്കുന്ന സ്ഥാപനത്തിലെ മരപ്പണിയും.

ഏറെ സ്വപ്നങ്ങളുമായി കടല്‍ കടന്ന റഷീദിന് നിരാശയായെങ്കിലും, എന്നെങ്കിലും നല്ല ജീവിതം ഉണ്ടാവും എന്നയാള്‍ സ്വപ്നം കണ്ടിരുന്നു. അതിനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി, മൂന്നാം വര്‍ഷം നാട്ടിലേക്ക് വന്നത് SSLC പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുമായാണ്. തോറ്റു പോയ ഇംഗ്ലീഷും കണക്കും മൂന്നു മാസം പാരലല്‍ കോളേജില്‍ പ്രത്യേക ടൂഷന്‍ തരപ്പെടുത്തി, പാസാവുക തന്നെ ചെയ്തു റഷീദ്. മികച്ച മാര്‍ക്ക് കിട്ടിയില്ലെങ്കിലും ആറു വര്‍ഷം കഴിഞ്ഞ് പരീക്ഷ  പാസായത് തന്നെ വലിയ നേട്ടമായി കരുതി.

തിരിച്ച് അബുദാബിയിലെത്തിയ റഷീദ്, നാട്ടുകാരനായ മമ്മദിക്കയുടെ സഹായത്തോടെ അയാള്‍  ജോലി ചെയ്യുന്ന  മുതലാളിയുടെ ധനകാര്യ സ്ഥാപനത്തിലെ ഓഫീസ് ബോയിയുടെ ജോലി തരപ്പെടുത്തി.

രാവിലെ ഓഫീസ് വൃത്തിയാക്കുക, സ്റ്റാഫിനും മാനേജരെ കാണാനെത്തുന്ന കസ്റ്റമേര്‍സിനും ചായ, കോഫി തുടങ്ങിയവ നല്‍കുക, പോസ്റ്റാഫീസിലും ഫോട്ടോസ്റ്റാറ്റ് എടുക്കാനും പുറത്ത് പോവുക തുടങ്ങി, കുറച്ചു സമയത്തെ ജോലി മാത്രമാണ്  ഉണ്ടായിരുന്നത്.

ഒഴിവു സമയങ്ങള്‍, കടല്‍ കടന്നെത്തുന്ന മംഗളം, മനോരമ, നാന തുടങ്ങിയവ വായിച്ചു ചിലവഴിക്കുന്നതായിരുന്നു അന്നത്തെ ജോലിക്കാരുടെ ഒരു രീതി.

പക്ഷേ, ജീവിതത്തില്‍ ഏറെ  സ്വപ്നങ്ങളും ,ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉണ്ടായിരുന്ന റഷീദ്, മറ്റുള്ള സ്റ്റാഫിനെ സഹായിക്കാനും അതുവഴി അവര്‍ ചെയ്യുന്ന ജോലികള്‍ മനസ്സിലാക്കാനും, പഠിക്കാനുമാണ് തന്റെ  ഒഴിവു സമയങ്ങള്‍ ഉപയോഗിച്ചത്.

അതിരാവിലെ, മാനേജരുടെ ക്യാബിന്‍  തുടച്ചു വൃത്തിയാക്കിക്കഴിഞ്ഞാല്‍, ആരും കാണാതെ അദ്ധേഹത്തിന്റെ കസേരയില്‍ ഇരുന്ന്, ഒരു നിമിഷം സ്വയം മാനേജരായതായി സങ്കല്‍പ്പിക്കുന്നത് റഷീദിന്റെ പതിവായിരുന്നു അക്കാലത്ത്.

അന്നത്തെ കാലത്ത് സ്പ്ലിറ്റ് ഡ്യൂട്ടിയാണ് പൊതുവെ എല്ലായിടത്തും ഉണ്ടായിരുന്നത്. അതായത് ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെ ബ്രേക്ക് ആയിരിക്കും. സ്റ്റാഫ് എല്ലാവരും താമസസ്ഥലത്തായിരിക്കുന്ന ആ സമയത്ത്, ഓഫീസ് ബോയ് അകത്തിരുന്ന് ഉറങ്ങുകയാണ് സാധാരണ എല്ലായിടത്തും ചെയ്തിരുന്നത്.

എന്നാല്‍ റഷീദാവട്ടെ, ആ സമയം മറ്റുള്ള സ്റ്റാഫിന്റെ ചെറിയ പെന്‍ഡിംഗ് ജോലികള്‍ തീര്‍ത്തു കൊടുക്കാനാണ് വിനിയോഗിച്ചത്. യാതൊരു അധിക വരൂമാനവുമില്ലാതെ, മറ്റുള്ളവരുടെ ജോലി കൂടെ ഏറ്റെടുത്ത് ചെയ്തിരുന്നത് കൊണ്ട് അധികം വൈകാതെ ഏവര്‍ക്കും പ്രിയങ്കരനുമായി അദ്ധേഹം മാറി.

ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, ഒരു സ്റ്റാഫിന് അടിയന്തിരമായി ലീവില്‍ പോകേണ്ടി വന്നതോടെ, ആ ജോലി ചെയ്യാന്‍ റഷീദ് സ്വയം സന്നദ്ധത പ്രകടിപ്പിച്ചത് ജീവിതത്തിലെ വഴിത്തിരിവായി. പെട്ടന്ന് ഏറ്റെടുക്കേണ്ടി വന്നതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെ പുതിയ ഉത്തരവാദിത്തം നിറവേറ്റേണ്ടതായി വന്നെങ്കിലും, പിന്നീട് പ്ലാന്‍ ചെയ്ത് മാസങ്ങളോളം അവധിക്കു പോകുന്നവര്‍ റഷീദിനെ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടാണ് ഉത്തരവാദിത്തം ഏല്‍പ്പിച്ച്  പോവാറുണ്ടായിരുന്നത്.

താമസിയാതെ എല്ലാ വിഭാഗത്തിലെ സ്റ്റാഫിനും പകരക്കാരനായി റഷീദ് മാറി. പകരം വന്ന ഓഫീസ് ബോയ് ആവട്ടെ, സ്വന്തം ജോലിയില്‍ തൃപ്തനായിരുന്നത് കൊണ്ട് മറ്റു കാര്യങ്ങളില്‍ ഇടപെട്ടതുമില്ല. മൂന്നു വര്‍ഷത്തിന് ശേഷം നാട്ടിലെത്തി നിക്കാഹ്  കഴിച്ച് മടങ്ങിയ റഷീദിന്,  ഓഫീസ് ബോയിയുടേതോ സ്റ്റാഫിന്റെയോ ജോലി ബ്രാഞ്ചില്‍  ഇല്ലാത്ത അവസ്ഥ വന്നു ചേര്‍ന്നു. അങ്ങിനെയാണ് പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് മാറ്റം കിട്ടുന്നത്. പുതിയ ശാഖയുടെ പണികള്‍ നടക്കുന്ന സമയത്ത് എത്തിയ റഷീദ്, വിവിധ വിഭാഗങ്ങളില്‍ നേടിയ പ്രാവീണ്യം കൊണ്ട്,  നിയുക്ത ബ്രാഞ്ച് മാനേജരുടെ വലം കൈയ്യായി മാറി.

സ്ഥാപനത്തിലെ എല്ലാ വിഭാഗത്തിലും ജോലി ചെയ്തിരുന്ന പരിചയം, പുതുതായി നിയമിക്കപ്പെട്ട സ്റ്റാഫിന് പരിശീലനം കൊടുക്കാന്‍ റഷീദിനെ നിയോഗിക്കുന്നതിന് മാനേജര്‍ക്ക് പ്രേരണ നല്‍കി.  ധനകാര്യ വകുപ്പിന്റെ അനുമതി മുതല്‍ പോലീസ് ക്ലിയറന്‍സ് വരെയുള്ള കാര്യങ്ങള്‍ ശരിയാക്കുന്നതില്‍,  മാനേജരോടൊപ്പം നിന്ന റഷീദ്, ഒരു ബ്രാഞ്ച് തുടങ്ങുന്നതിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും, നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും, പരിഹരിച്ച വഴികളും ഡയറിയില്‍ കുറിച്ചു വയ്ക്കുകയും ചെയ്തിരുന്നു.

പുതിയ ശാഖയില്‍ ക്ലാര്‍ക്കായാണ്  നിയമിതനായതെങ്കിലും,  ഒരു അസിസ്റ്റന്റ് മാനേജരുടെ ഉത്തരവാദിത്തമാണ് റഷീദിന്  ഉണ്ടായിരുന്നത്. യാതൊരു പരാതിയുമില്ലാതെ കുറഞ്ഞ ശമ്പളത്തില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ജോലിയില്‍ തുടര്‍ന്ന റഷീദിന് രണ്ടു വര്‍ഷം കഴിഞ്ഞ് ലഭിച്ച നേട്ടം, ഒരു കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയപ്പെട്ട് ഒരു നിമിഷം മാത്രം ഇരുന്നിരുന്ന മാനേജരുടെ കസേരയില്‍, അദ്ധേഹം അവധിക്ക് പോയ സമയത്ത് ലഭിച്ച താല്‍ക്കാലിക ചാര്‍ജ്ജിന്റെ ബലത്തില്‍, അര്‍ഹതയോടെയും അധികാരത്തോടെയും ഇരിക്കുവാനായി എന്നതാണ്.

ആ സമയത്താണ് ദുബായ് നഗരം അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് നീങ്ങുന്നത്. സ്വാഭാവികമായും റഷീദിന്റെ സ്ഥാപനവും ദുബായില്‍ ബ്രാഞ്ച് തുടങ്ങാന്‍ തീരുമാനിച്ചു. പുതിയ മാനേജരും സ്റ്റാഫും ഒക്കെയായി തുടങ്ങാനിരുന്ന ബ്രാഞ്ചിലെ, നിയുക്ത മാനേജരുടെ പരിചയക്കുറവ് മൂലം പലവിധ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍, അബുദാബിയിലെ പരിചയ സമ്പത്തുള്ള മൂന്ന് മാനേജര്‍മാരില്‍ ആരെയെങ്കിലും ദുബായിലേക്കയക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍, സ്ഥലം മാറ്റം ഇഷ്ടപ്പെടാതിരുന്ന മാനേജര്‍മാര്‍ മൂന്നു പേരും റഷീദിന്റെ പേര് ശക്തമായി നിര്‍ദ്ധേശിച്ച് ഒഴിവാക്കുകയാണുണ്ടായത്.

ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജ് എന്ന പദവിയുമായി ദുബായിലെത്തിയ റഷീദ്, വൈകാതെ ബ്രാഞ്ച് മാനേജരുമായി. അതിവേഗം വളരുന്ന ദുബായ് നഗരത്തിന്റെ വ്യാപാര സാധ്യതകൾ മുതലെടുക്കാനായി, പിന്നീട് പുതുതായി 5 ബ്രാഞ്ചുകളും റഷീദിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയതോടെ, ഏരിയ മാനേജര്‍ എന്ന പുതിയതായി ഉണ്ടാക്കിയ തസ്തികയിലേക്കുയര്‍ന്നു. ഷാര്‍ജയിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചപ്പോള്‍ സ്ഥാപനത്തിന്റെ മൊത്തം വരുമാനത്തിന്റെ നാലില്‍ മൂന്നും ദുബായ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് എന്ന മേഖലയില്‍ നിന്നാവുകയും, അദ്ധേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം കൈവന്നതോടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സ്ഥാനക്കയറ്റവുമായി.

ഇടക്കാലത്ത് അബുദാബിയിലെ മന്ദീഭവിച്ച ബിസിനസ്സ് പുഷ്ടിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടതോടെ,  ചെയര്‍മാന് ശേഷം രണ്ടാമന്‍ എന്ന സ്ഥാനമാണ് റഷീദിനെ കാത്തിരുന്നത്. അപ്പോഴേക്കും സ്ഥാപനത്തില്‍ നീണ്ട ഇരുപത്തെട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

ചെയര്‍മാന്റെ നിര്യാണത്തെത്തുടര്‍ന്ന് സ്ഥാനം ഏറ്റെടുത്ത മകന്, ബിസിനസ്സില്‍ കാര്യമായ താല്‍പര്യമോ അറിവോ ഉണ്ടായിരുന്നില്ല. അദ്ധേഹം ചെയ്തത്, സി.ഇ.ഒ എന്ന പദവി സൃഷ്ടിച്ച് റഷീദിനെ സ്ഥാപനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പ്പിക്കുക എന്നതായിരുന്നു.

ഇതൊന്നും വെറും ഭാഗ്യം കൊണ്ട് നടന്നതല്ല എന്നറിയണമെങ്കില്‍ കുറച്ചു കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ജോലിയോടൊപ്പം പഠിച്ച് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നും B – Com ബിരുദം നേടിയതും, കാലത്തിനനുസരിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനവും, യാത്രയിലും ഒഴിവ് സമയങ്ങളിലും ബിസിനസ്സ് സംബന്ധമായ പുസ്തകങ്ങള്‍ മാസികകള്‍ എന്നിവ നിരന്തരം വായിക്കുന്നതും, അറബി, ഇംഗ്ലീഷ്, ജര്‍മന്‍, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള പ്രാവീണ്യവും ഒട്ടൊന്നുമല്ല ജീവിത വളര്‍ച്ചയില്‍ സഹായിച്ചത് എന്നദ്ധേഹം അടിവരയിടുന്നു.

മുപ്പത്തഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ആരോഗ്യ പരമായ കാരണങ്ങളാല്‍ വിരമിച്ച് നാട്ടില്‍ താമസമാക്കിയിരിക്കുകയാണ് ശ്രീ അബ്ദുള്‍ റഷീദ് ഇപ്പോള്‍. ഏതൊരു സ്ഥാപനവും, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളുടെയും സ്ഥാപനത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാരെ വിലയിരുത്തുന്നതും വളരാനുള്ള അവസരങ്ങള്‍ നല്‍കുന്നതും.

വിദ്യാഭ്യാസ യോഗ്യത എന്നത് ഒരു സ്ഥാപനത്തില്‍ കയറാനുള്ള എന്‍ട്രി പാസ്സ് മാത്രമേ ആകുന്നുള്ളു. തൊഴില്‍ മേഖലയില്‍ എത്രത്തോളം പ്രാവീണ്യവും നൈപുണ്യവും അറിവും നേടുന്നു എന്നതിനെ ആശ്രയിച്ചാണ് തൊഴില്‍ ജീവിതത്തില്‍ വിജയം ഉണ്ടാവുന്നത്.

പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനും ഉള്ള ഒരവസരവും പാഴാക്കരുത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ശ്രീ റഷീദിന്റെ കാര്യമെടുത്താല്‍ തന്നെ, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അര്‍ഹതപ്പെട്ട സ്ഥാനവും ശമ്പളവും കിട്ടിത്തുടങ്ങുന്നത് എന്ന് കാണാം. ഒരാള്‍ തന്റെ കഴിവ് തെളിയിച്ചാല്‍ അയാളെ ഒഴിവാക്കാന്‍ സാധാരണ ഗതിയില്‍ ഒരു സ്ഥാപനവും തുനിയുകയില്ല.

അപാരമായ കഴിവുകളാണ് മനുഷ്യനുള്ളത്. കൊടുമുടികള്‍ കീഴടക്കാനും കടല്‍ നീന്തിക്കടക്കാനും മാത്രമല്ല മനസ്സില്‍ കാണുന്നത് യാഥാര്‍ത്യമാക്കാനും അവന് / അവള്‍ക്ക് കഴിയും. അതിന്  ആഗ്രഹവും പ്രയത്‌നവും ഉണ്ടാവണമെന്ന് മാത്രം. സ്വന്തം കഴിവുകള്‍ തിരിച്ചറിയുകയും വിജയിക്കുവാനായി അവ ഉപയോഗിക്കുകയും ചെയ്യുന്ന ഏവരെയും വിജയങ്ങളും നേട്ടങ്ങളും തേടി വരിക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!