Siva Kumar
Management Skills Development Trainer, Dubai

സംരംഭം തുടങ്ങുന്നവര്‍ അഞ്ചില്‍ നാല് പേരും വിജയിക്കാത്തതെന്ത് കൊണ്ടാണ് ?

ഉത്തരം ലളിതമാണ്. എന്നാൽ അറിയാവുന്നവർ ചുരുക്കവുമാണ്. ഒരു സംരംഭം നടത്തി ഒരാൾ വിജയിച്ചാൽ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കുറേപ്പേർ അതുപോലെ സംരംഭകരാവുകയും, അവരിൽ കുറച്ചു പേർ മാത്രം ബിസിനസ്സിൽ വിജയിക്കുകയും ചെയ്യുന്നു. എന്താവാം കാരണം ?

വിജയിക്കാനാവാതെ പോയ സംരംഭകരിൽ പലർക്കും പല കാരണങ്ങളായിരിക്കാം പറയാനുണ്ടാവുക. എന്നാൽ ആദ്യം തന്നെ നാം മനസ്സിലാക്കേണ്ടതും, പഠിക്കേണ്ടതും പരിഹരിക്കേണ്ടതും സംരംഭം നടത്തി വിജയിക്കാനാവാത്തവർക്കെല്ലാം പൊതുവേയുള്ള ഒരു കാരണമാണ്.

ഒരു സാഹചര്യം ഉദാഹരണത്തിനായി എടുക്കാം.

ഒരു പുഴയുടെ അക്കരെയുള്ള കാട്ടിൽ, ധാരാളം സ്വാദിഷ്ടങ്ങളായ പഴങ്ങൾ ഉണ്ടെന്ന് കരുതുക. കുറച്ചു പേർ പുഴ നീന്തിക്കടന്ന്, പഴങ്ങളും തോളിലേറ്റി തിരിച്ച് നീന്തി വന്ന്, പഴങ്ങൾ സ്വയം ഭക്ഷിച്ചും ബാക്കിയുള്ളവ വിറ്റും സുഖമായി ജീവിക്കുന്നുമുണ്ട്. ഇത് കാണുന്നവരിൽ കുറച്ച് പേർ, പുഴ നീന്തിക്കടന്ന് പഴങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നത് ഉറപ്പാണല്ലോ ? എന്നാലത് അത്ര എളുപ്പമല്ല എന്നും, എങ്ങിനെയാണ് അത് സാധിക്കേണ്ടതെന്നും അവരിൽ എത്ര പേർ മനസ്സിലാക്കുന്നു എന്നതിലാണ് കാര്യം.

കരയിൽ നിന്നും നോക്കുമ്പോൾ, ആളുകൾ ആയാസരഹിതമായാണ് നീന്തുന്നത് എന്ന് തോന്നാമെങ്കിലും, അത്യാവശ്യം നീന്തൽ പരിശീലിച്ചവർക്ക് മാത്രമേ, വെള്ളത്തിൽ അതിജീവിക്കാനാവൂ എന്നതാണ് യാഥാർത്ഥ്യം. അത് കൊണ്ട് തന്നെ, നീന്തലറിയാതെ അക്കരെ കടക്കാനായി വെള്ളത്തിലിറങ്ങുന്നവർ വിജയിക്കില്ല എന്നതുറപ്പാണല്ലോ ?

എന്നാൽ, നീന്തലറിയാവുന്നവരും ചിലപ്പോൾ വിജയിക്കാതെ പോകുന്നുമുണ്ട്. കാരണം കുളങ്ങൾ, സ്വിമ്മിംഗ് പൂളുകൾ പോലെയുള്ള സ്ഥലത്ത് നീന്താനറിഞ്ഞത് കൊണ്ട് മാത്രം, പുഴ നീന്തിക്കടക്കാനാവില്ല. പുഴയിലെ നീന്തൽ തികച്ചും വ്യത്യസ്തമാണ്. സാധാരണ ഗതിയിൽ പുഴയിൽ നല്ല ഒഴുക്കുണ്ടാവും. അത് കൊണ്ട് ശക്തമായ ഒഴുക്കിലും നീന്താനറിയണം. മാത്രമല്ല, പുഴയിലാവട്ടെ, ഒരു കരയിൽ നിന്നും പുറപ്പെട്ടാൽ നേരെ മറുവശത്തെ ലക്ഷ്യത്തിൽ എത്താനുമാവില്ല. അപ്പോൾ പുറപ്പെടേണ്ട സ്ഥലവും ദൂരവും കണക്കാക്കാനുമറിയണം.

അത് പോലെ പുഴയിൽ അപകടപ്പെടുത്തുന്ന ചുഴികളുണ്ടാവും. പാറക്കെട്ടുകളുണ്ടാവാം, പാഴ്മരങ്ങൾ വെള്ളത്തിനടിയിൽ വീണു കിടപ്പുണ്ടാവാം. ചിലപ്പോൾ നമ്മെ വിഴുങ്ങുന്ന മുതലകളുമുണ്ടാവാം. മാത്രമല്ല, അപ്രതീക്ഷിതമായി പുഴയിൽ വെള്ളം പൊങ്ങാനുമിടയുണ്ട്.

ഇനി ഇതെല്ലാം തരണം ചെയ്ത് അപ്പുറത്തെത്തി, ഫലങ്ങൾ സംഭരിച്ചാൽ തന്നെ അവ മുതുകിൽ കെട്ടിവച്ച് തളരാതെ തിരിച്ച് നീന്താനുമാകണം. അങ്ങിനെ തിരിച്ചെത്തുന്നവർ മാത്രമാണ് വിജയിക്കുന്നത്.

പുഴയുടെ കരയിൽ താമസിച്ച് ചെറുപ്പം മുതൽ തന്നെ നീന്തൽ പഠിച്ചവർ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ ഒക്കെ നല്ല നീന്തൽക്കാരായുള്ളവർ, ചിട്ടയായ പരിശീലനം ലഭിച്ചവർ, മുതിർന്ന, അല്ലെങ്കിൽ പരിശീലനം ലഭിച്ചവർക്കൊപ്പം നീന്തുന്നവർ എന്നിവരൊക്കെ വിജയിക്കുമ്പോൾ, മധുരമൂറുന്ന ഫലങ്ങൾ സ്വപ്നം കണ്ട് മാത്രം വെള്ളത്തിൽ ചാടിയവർ വിജയിക്കുമോ എന്നാലോചിച്ചാൽ പല സംരംഭകരും വിജയിക്കാനാവാത്തതിൻ്റെ കാരണം മനസ്സിലാവും.

സംരംഭങ്ങളിൽ ഇറങ്ങുന്നവർ ബിസിനസ്സിലെ ചുഴികളും, അപകടപ്പെടുത്തുന്ന പാറക്കെട്ടുകളും മൊത്തമായി വിഴുങ്ങുന്ന മുതലകളും ഒന്നും കാണുകയില്ല, അറിയുകയുമില്ല. എന്നാൽ നീന്തലുമായി യാതൊരു ബന്ധമില്ലാത്തവരും, താൽപ്പര്യം ഒന്ന് കൊണ്ട് മാത്രം പതിയെ പതിയെ നീന്തൽ പഠിച്ച് വിജയിക്കുന്നതായും കാണാം. പക്ഷേ അങ്ങിനെയുള്ളവർ അപൂർവ്വമായിരിക്കുമെന്നതുറപ്പാണ്.

SP ബാലസുബ്രമണ്യം ചിട്ടയായും ശാസ്ത്രീയമായും അഭ്യസിക്കാതെ സംഗീതത്തിൽ അഗ്രഗണ്യനായത് പോലെയാണത്. ലക്ഷത്തിൽ ഒരാൾ അത്തരത്തിലുള്ളവർ ഉണ്ടാവാം. പക്ഷേ മഹാഭൂരിപക്ഷവും വിജയിക്കാനായി അവശ്യം പരിശീലനം വേണ്ടവരാണ്.

നമ്മുടെ നാട്ടിൽ സംഗീതം, നൃത്തം, കരാട്ടേ തുടങ്ങി അനവധി വിഷയങ്ങൾ ചിട്ടയായും ശാസ്ത്രീയമായും പഠിക്കാനവസരമുണ്ട് , പഠിപ്പിക്കുന്നവരുമുണ്ട്.

എന്നാൽ സംരംഭകരാവാൻ പഠിപ്പിക്കുന്നവർ വളരെ വളരെ കുറവാണ്. അടുത്ത കാലത്താണ്, സ്റ്റാർട്ടപ്പ്കൾക്ക് അത് പോലെ നാനോ, മൈക്രോ, സ്മാൾ സ്കെയിൽ സംരംഭങ്ങൾക്ക് ഒക്കെ ഉപദേശം, സഹായം എന്നിവ കിട്ടിത്തുടങ്ങിയത്. KIED പോലുള്ള സർക്കാർ സ്ഥാപനങ്ങളടക്കം പല സ്ഥാപനങ്ങളും, നിയമങ്ങൾ, സെയിൽസ്, മാർക്കറ്റിംഗ്, സപ്ലെ ചെയിൻ പ്ലാനിംഗ്, പ്രൊഡക്ട് ഡിസൈൻ & ഡവലപ്പ്മെൻ്റ് തുടങ്ങിയവയിൽ കോഴ്സുകളും നടത്തുന്നുണ്ട്.

ഇവയൊക്കെ സാങ്കേതികമായി ആവശ്യമുള്ളവ തന്നെയാണ്.

എന്നാൽ ഈ ബിസിനസ്സ് സീരീസിൽ ചർച്ച ചെയ്യുന്നത്, പുസ്തകത്തിൽ പറയാത്ത ചില കാര്യങ്ങളാണ്. അതായത് നീന്തൽ പഠിപ്പിക്കുകയല്ല മറിച്ച് നീന്തലിൽ പ്രാവീണ്യം നേടാനുള്ള കാര്യങ്ങൾ മാത്രമാണ് പങ്കു വയ്ക്കുന്നത്. നീന്തൽ പഠിക്കുന്നതും, പുഴയ്ക്ക് കുറുകെ നീന്തുന്നതും ബുദ്ധിമുട്ടില്ലാതെ പഠിച്ചെടുക്കാവുന്നതേയുള്ളു. മികച്ച സംരംഭകരാവാൻ പഠിക്കുന്നതും അത് പോലെ തന്നെയാണ്. തുടക്കത്തിൽ നമ്മളെക്കൊണ്ട് സാധിക്കില്ല എന്നു തോന്നുമെങ്കിലും പിന്നീടത് വളരെ എളുപ്പമാണെന്ന് ബോധ്യമാവും. ഒരിക്കൽ നീന്തൽ പഠിച്ച ഒരാൾക്ക് സ്വയം മുങ്ങി മരിക്കാൻ എളുപ്പമല്ല.

തങ്ങൾക്ക് കുടുംബത്തിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ, മറ്റേതെങ്കിലും വഴിക്കോ സംരംഭകരാവാൻ പരിശീലനം കിട്ടിയിട്ടുണ്ടോ എന്ന് പുതിയ സംരംഭത്തിന് തയ്യാറെടുക്കുന്നവർ ഓർക്കുക, ഇല്ലെങ്കിൽ ആദ്യം അത് പഠിക്കുക, പരിശീലിക്കുക. സ്വന്തം അനുഭവങ്ങളിലും പാളിച്ചകളിലും നിന്ന് പഠിക്കാൻ ശ്രമിച്ചാൽ ഒരു ജന്മം മതിയാവില്ല എന്നോർക്കുക. ചുരുക്കത്തിൽ, അറിയാത്ത പരിപാടി ചെയ്യുന്നവർ വിജയിക്കാത്തത് പോലെയാണ്, ബിസിനസ്സ് അറിയാത്തവർ ബിസിനസ്സ് ചെയ്താൽ വിജയിക്കാത്തതും എന്ന് മനസ്സിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here