തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി വഴി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവരാണെങ്കില്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആണെങ്കില്‍ അപേക്ഷ നല്‍കിയാല്‍ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനും അനുവദിക്കും. ഇനി നിയമം ലഭിച്ചയാള്‍ വിദേശത്ത് ആണെങ്കില്‍ രാജ്യാന്തര വിമാന സര്‍വീസ് പുന:രാരംഭിച്ച് നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
അതേസമയം ഉദ്യോഗാര്‍ത്ഥി കോവിഡ് ബാധിതനാണെങ്കില്‍ അത് അറിയിച്ചതിനു ശേഷം കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കാം. രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന്റെ സാക്ഷ്യപത്രവും ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. ഹോട്ട്‌സ്‌പോട്ട്/കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ പ്രദേശം പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം 10 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. നിരീക്ഷണത്തില്‍ തുടരുന്നവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാതെ നിശ്ചിത കാലാവധിക്കുള്ളില്‍ സര്‍വീസില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ് എന്‍ജെഡിയായി കണക്കാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!